ചെറുവത്തൂർ ∙ റെയിൽവേ പാലത്തിന്റെ തൂണിൽ ബലക്കുറവ് കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചെറുവത്തൂർ മുതൽ നീലേശ്വരം വരെയുള്ള റെയിൽപാതയിൽ ട്രെയിനുകളുടെ വേഗത ഗണ്യമായി കുറച്ചു. വിള്ളൽ വീണ മയിച്ച പാലം നിലവിൽ റെയിൽവേയുടെ കർശന രാപകൽ നിരീക്ഷണത്തിലാണ്.
പാലത്തിന്റെ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് വിള്ളൽ വീണ ഭാഗത്ത് പ്രത്യേക തരം പശ ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തി അടച്ചിരിക്കുന്നത്. തൂണിൽ വീണ്ടും വിള്ളലുകൾ രൂപപ്പെടുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ഇതിനു മുന്നിലായി പ്രത്യേക അളവുകോലുകൾ സ്ഥാപിച്ചിട്ടുണ്ട്.
ആഴ്ചകൾക്ക് മുൻപാണ് മയിച്ച പുഴയിലെ പഴയ പാലത്തിന്റെ തെക്കുഭാഗത്തുള്ള തൂണിന്റെ കല്ല് മുന്നോട്ട് തള്ളിവന്ന നിലയിൽ കണ്ടെത്തിയത്. ഇതിന് സമീപത്തായി വിള്ളലുകൾ രൂപപ്പെട്ടിട്ടുള്ളതായും വ്യക്തമാവുകയായിരുന്നു.
വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ റെയിൽവേയുടെ ഉന്നത അധികൃതർ സംഭവസ്ഥലം സന്ദർശിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് വിള്ളലുകൾ അടയ്ക്കുകയും ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഇതിന്റെ ഭാഗമായി ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ മുതൽ നീലേശ്വരം റെയിൽവേ സ്റ്റേഷൻ വരെയുള്ള മേഖലയിൽ അതീവജാഗ്രത പാലിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷ മുന്നറിയിപ്പിന്റെ ഭാഗമായി അപകടാവസ്ഥ സൂചിപ്പിക്കുന്ന ബോർഡുകളും പാലത്തിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ, ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ മുതൽ കാര്യങ്കോട് പാലം വരെയുള്ള ഭാഗത്ത് ട്രെയിനുകൾ മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാവൂ എന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പാലത്തിന്റെ തൂണിന്റെ അവസ്ഥ നിരീക്ഷിക്കുന്നതിനായി രാപ്പകലില്ലാതെ രണ്ട് ജീവനക്കാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
റെയിൽവേ ജീവനക്കാരും കരാർ അടിസ്ഥാനത്തിലുള്ള സ്റ്റാഫുമാണ് ഈ നിരീക്ഷണ ചുമതലകൾ നിർവഹിക്കുന്നത്. ഇതിനുപുറമേ, ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തൂണിന്റെ സുരക്ഷ നേരിട്ട് വിലയിരുത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

