വായ്പ കരസ്ഥമാക്കുന്നതിനായി ആസ്തിമൂല്യം പെരുപ്പിച്ചു കാണിച്ചെന്ന പരാതിയിൽ സീ ഗ്രൂപ്പ് സ്ഥാപകനും മുൻ ബിജെപി എംപിയുമായ സുഭാഷ് ചന്ദ്രയ്ക്കെതിരെ സിബിഐ കേസെടുത്തു. വായ്പകൾ തിരിച്ചടയ്ക്കാതെ 1,322 കോടിയിലേറെ രൂപയുടെ നഷ്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡാണ് (എൽഐസിഎച്ച്എഫ്എൽ) അധികൃതർക്ക് പരാതി നൽകിയത്.
സുഭാഷ് ചന്ദ്ര സമർപ്പിച്ച ആസ്തിമൂല്യ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ രണ്ട് വായ്പകളിലുമായി ആകെ 980 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ ആദ്യ വായ്പ 500 കോടി രൂപയുടേതും രണ്ടാമത്തെ വായ്പ 480 കോടി രൂപയുടേതുമായിരുന്നു.
2018 മാർച്ച് 28നു നൽകിയ സർട്ടിഫിക്കറ്റിൽ ആസ്തിമൂല്യം 59,000 കോടി രൂപയാണെന്നാണ് കാണിച്ചിരുന്നത്. എന്നാൽ, അതേ വർഷം ജൂലൈയിൽ സമർപ്പിച്ച മറ്റൊരു സർട്ടിഫിക്കറ്റിൽ ഇത് 40,562 കോടി രൂപയായി കുറഞ്ഞു.
തുടർന്ന് ഈ രണ്ട് വായ്പകളുടെയും തിരിച്ചടവ് പൂർണ്ണമായും മുടങ്ങുകയായിരുന്നു. തുടർന്ന് ഇൻസോൾവൻസി ആൻഡ് ബാർക്രപ്റ്റ്സി കോഡ് (പാപ്പരത്ത നിയമം) പ്രകാരമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിൽ, എൽഐസിഎച്ച്എഫ്എലിന് നൽകിയ സർട്ടിഫിക്കറ്റുകളിൽ സൂചിപ്പിച്ചിരുന്ന അത്രയും ആസ്തി തനിക്കില്ലെന്ന് സുഭാഷ് ചന്ദ്ര സമ്മതിക്കുകയുണ്ടായി.
2024ൽ തന്റെ ആസ്തിമൂല്യം വെറും 31.79 കോടി രൂപ മാത്രമായിരുന്നുവെന്നും, 2017–18 കാലയളവിൽ ഇത് 40,000 കോടി രൂപയിൽ താഴെ മാത്രമായിരുന്നുവെന്നുമാണ് അദ്ദേഹം പിന്നീട് വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

