തൃശൂർ കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, മൂന്ന് വയസ്സുള്ള മകൻ എമിൽ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
അപകടത്തിന് കാരണക്കാരനായ കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ബൈക്ക്, റോഡരികിൽ നിർത്തിയിട്ടിരുന്ന വേളയിലാണ് അമിതവേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്.
കുട്ടിയുടെ മൂത്രശങ്ക പരിഹരിക്കുന്നതിനാണ് റോഡരികിൽ വാഹനം നിർത്തിയത്. നിയന്ത്രണം വിട്ട
കാർ ബൈക്കിലിടിച്ച ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. അപകടത്തിന്റെ ആഘാതത്തിൽ ബൈക്കോടിച്ചിരുന്ന മുനീർ ഏകദേശം 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
റോഡിന് സമീപത്തെ മതിലിന്റെ ഒരു ഭാഗം തകർത്ത് മറുഭാഗത്തെ പറമ്പിലേക്കാണ് മുനീർ വീണത്. ഗുരുതരമായി പരിക്കേറ്റ ഷിഫ്നയെയും കുട്ടി എമിലിനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ അപകടസമയത്ത് മുനീറിനെ സംഭവസ്ഥലത്ത് കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് തൊട്ടടുത്ത പറമ്പിൽ നിന്നും മുനീറിന്റെ മൃതദേഹം കണ്ടെടുത്തത്.
അപകടത്തിൽ കാറും ബൈക്കും പൂർണ്ണമായും തകർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

