കൊച്ചിയിൽ നടുറോഡിൽ സിനിമ സ്റ്റൈൽ അതിക്രമവുമായി സ്വകാര്യ ബസ് ജീവനക്കാരൻ. ചുണ്ടിൽ സിഗരറ്റുമായി പ്രവാസി മലയാളിയുടെ വാഹനം തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയ സ്വകാര്യ ബസ് കണ്ടക്ടറാണ് ഒടുവിൽ പൊലീസിന്റെ പിടിയിലായത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസത്തിന് ശേഷം പിടികൂടാനെത്തിയ പൊലീസിനെതിരെയും പ്രതി ആക്രമണം അഴിച്ചുവിട്ടു. നോർത്ത് പൊലീസിന്റെ പിടിയിലായ പ്രതി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ പള്ളുരുത്തിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാർ (27) ആണ് ലഹരിയുടെ പുറത്ത് കലൂർ ദേശാഭിമാനി ജംക്ഷനു സമീപം നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പൊലീസ് കർശന നടപടികളിലേക്ക് കടന്നത്.
ഓഗസ്റ്റ് 9ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി ഷാജി ജോസഫ് അവധിക്കായി നാട്ടിലെത്തിയപ്പോൾ കുടുംബത്തോടൊപ്പം നഗരത്തിൽ ഷോപ്പിങ്ങിനായി എത്തിയതായിരുന്നു.
ഈ സമയത്താണ് പ്രതി അകാരണമായി കാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. പ്രതി ജോലിക്കായി സഞ്ചരിച്ചിരുന്ന ‘ശക്തി’ എന്ന സ്വകാര്യ ബസ് അമിതവേഗതയിൽ കാറിന് മുന്നിലേക്ക് അപകടകരമായ രീതിയിൽ വെട്ടിച്ചു കയറ്റുകയും റോഡിന്റെ വലതുവശത്ത് സഡൻ ബ്രേക്കിട്ട് നിർത്തി ആളിറക്കുകയും ചെയ്തിരുന്നു.
ഈ നടപടി പരാതിക്കാരൻ ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കാറിന്റെ ഡോർ വലിച്ചു തുറക്കാൻ ശ്രമം പരാജയപ്പെട്ടതോടെ പ്രതി ബോണറ്റിലും വിൻഡ്ഷീൽഡിലും അടിച്ച് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു.
അക്രമാസക്തനായ പ്രതിയെ കണ്ട് പരാതിക്കാരന്റെ ഭാര്യയും കുട്ടികളും ഭയന്ന് നിലവിളിക്കുന്നതും, പരാതിക്കാരൻ ഉടൻതന്നെ പൊലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് വിവരം അറിയിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ആ വഴി കടന്നുപോയ മറ്റ് യാത്രികരാണ് ഇടപെട്ട് പ്രതിയെ റോഡിൽ നിന്നും പിടിച്ചു മാറ്റിയത്.
നഗരത്തിൽ സർവീസ് നടത്തുന്ന അലങ്കാർ എന്ന ബസിലെ കണ്ടക്ടറാണു പ്രതിയായ മുഹമ്മദ് അൻസാർ. ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസിനു നേരെയും ഇയാൾ ആക്രമണം അഴിച്ചുവിട്ടു.
നോർത്ത് സ്റ്റേഷനിലെ എഎസ്ഐ സുനിലിന്റെ മുഖത്ത് ഇടിച്ചു പരുക്കേൽപിച്ച ഇയാളെ ഏറെ പരിശ്രമത്തിനൊടുവിൽ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്പെടുത്തിയത്. മോഷണം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൻസാർ.
ട്രെയിനുകളും ബസുകളും കേന്ദ്രീകരിച്ചാണ് ഇയാളുടെ മോഷണരീതി. താൻ ജോലി ചെയ്തിരുന്ന ബസിലെ യാത്രക്കാരിൽ നിന്നുപോലും ഇയാൾ പണം മോഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നഗരത്തിൽ കഴിഞ്ഞിടെ തുടർച്ചയായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നും അതിക്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്നും, പൊലീസ് ഇതിൽ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നുമുള്ള ആക്ഷേപങ്ങൾക്കിടയിലാണ് ഈ ശക്തമായ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

