ദേശീയപാതയിൽ നിന്ന് ഇരുവശത്തേക്കും നിശ്ചിത ദൂരത്തിൽ സ്ഥലം ഒഴിച്ചിടണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ, തദ്ദേശ വകുപ്പ് ദേശീയപാതയോരത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. നിർമാണ അനുമതി ലഭിച്ചതും എന്നാൽ നിർമാണം പൂർത്തിയാകാത്തതുമായ കെട്ടിടങ്ങളുടെ വിശദാംശങ്ങളാണ് നിലവിൽ ശേഖരിക്കുന്നത്.
ഈ ഉത്തരവ് കർശനമായി നടപ്പിലാക്കപ്പെടുകയാണെങ്കിൽ, ഈ വിഭാഗത്തിൽപ്പെടുന്ന കെട്ടിടങ്ങൾക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റും കെട്ടിട നമ്പറും ലഭിക്കുന്നതിന് തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.
വിധിയിൽ ആവശ്യമായ ഇളവുകൾ നേടിയെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി. സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് കേരളം ഇതിനോടകം അറിയിച്ചിട്ടുള്ളത്.
ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്ററിനുള്ളിൽ വീടുകളും 75 മീറ്റർ പരിധിയിൽ വാണിജ്യ സ്ഥാപനങ്ങളും നിർമിക്കരുതെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലുള്ളത്. കേരളത്തിൽ 45 മീറ്റർ വീതിയിലാണ് ദേശീയപാത 66 വികസിക്കുന്നത്.
മറ്റ് എല്ലാ സംസ്ഥാനങ്ങളിലും 60 മീറ്റർ വീതിയിലാണ് നിർമാണം നടത്തുന്നതെങ്കിലും, കേരളത്തിലെ ഉയർന്ന ജനസാന്ദ്രത കണക്കിലെടുത്താണ് ഇത് 45 മീറ്ററായി ചുരുക്കിയത്. അതേസമയം, നിലവിലുള്ള കെട്ടിടങ്ങളെ ഈ ഉത്തരവ് ബാധിക്കില്ല.
എങ്കിലും, ഈ കെട്ടിടങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തുടർനിർമാണങ്ങൾ നടത്തണമെങ്കിൽ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പ്രത്യേക അനുമതി ആവശ്യമായി വന്നേക്കാം. ദേശീയപാതയുടെ മധ്യത്തിൽനിന്ന് ഇരുവശത്തേക്കും 40 മീറ്റർ വീതിയിൽ കെട്ടിടങ്ങൾക്കോ വീടുകൾക്കോ അനുമതി നൽകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് കോടതിയുടെ നിർദേശം.
ഉത്തരേന്ത്യയിലെ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച ഈ വിധി കേരളത്തിൽ നടപ്പാക്കരുതെന്നാണ് സർക്കാരിന്റെ ഉറച്ച നിലപാട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സർവീസ് റോഡിൽ എവിടെ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും കഴിയുന്ന രീതിയായിരുന്നു മുൻപ് ഉണ്ടായിരുന്നത്.
എന്നാൽ പിന്നീട് ഇത് പരിഷ്കരിച്ച് അടച്ചുകെട്ടിയ നിർമാണരീതിയാണ് കേരളത്തിലടക്കം നടപ്പാക്കിയിട്ടുള്ളത്. ഇതനുസരിച്ച് നിശ്ചിത കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ ദേശീയപാതയിലേക്ക് പ്രവേശനം സാധ്യമാകൂ.
കേരളത്തിലെ ഈ പ്രത്യേക സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി പി.കെ.ബഷീർ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

