ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യ നിക്ഷേപവും പങ്കാളിത്തവും വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഐഎസ്ആർഒ ജീവനക്കാർ രംഗത്ത്. നയപരമായ മാറ്റങ്ങളിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഐഎസ്ആർഒ ചെയർമാന് ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്.
ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം നടപ്പിലാക്കിയതിനു ശേഷം ആദ്യമായാണ് ജീവനക്കാർ ഇത്ര ശക്തമായ നിലപാടുമായി മുന്നോട്ട് വരുന്നത്. വാണിജ്യപരമായ ആവശ്യങ്ങൾക്ക് സ്വകാര്യ ഏജൻസികളെ ഉൾപ്പെടുത്തുന്നതിനോട് എതിർപ്പില്ലെങ്കിലും, ഐഎസ്ആർഒ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ തനിമയും നിലയും സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
ഐഎസ്ആർഒ വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകൾ രാജ്യത്തിന്റെ പൊതുസ്വത്താണെന്ന് കത്തിൽ ഓർമ്മിപ്പിക്കുന്നു. വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും പൂർണ്ണമായി സ്വകാര്യ മേഖലയ്ക്ക് കൈമാറി സ്ഥാപനത്തെ കേവലം ഒരു ഗവേഷണ കേന്ദ്രം മാത്രമായി ഒതുക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.
ഐഎസ്ആർഒ ഇനിമുതൽ വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കില്ലെന്ന് ഇൻ-സ്പേസ് ചെയർമാൻ പവൻ ഗോയങ്കെ നടത്തിയ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് ജീവനക്കാരുടെ സംഘടനകൾ ഔദ്യോഗികമായി വ്യക്തത തേടിയിരിക്കുന്നത്. ഇത് കേന്ദ്ര സർക്കാരിന്റെയോ ബഹിരാകാശ കമ്മീഷന്റെയോ ഔദ്യോഗിക തീരുമാനമാണോ എന്ന് വ്യക്തമാക്കണം.
കൂടാതെ, പിഎസ്എൽവി (PSLV), എൽവിഎം-3 (LVM-3), എസ്എസ്എൽവി (SSLV) തുടങ്ങിയ പ്രധാനപ്പെട്ട റോക്കറ്റുകളുടെ രൂപകൽപ്പനയും നിർമ്മാണവും വിക്ഷേപണവും വരുംകാലങ്ങളിൽ ഐഎസ്ആർഒയുടെ ചുമതലയിൽ തന്നെയായിരിക്കുമോ എന്ന കാര്യത്തിലും ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെടുന്നു.
പുതിയ റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമ്മാണ ചുമതലകളിൽ നിന്ന് ഐഎസ്ആർഒ പിന്മാറുന്നത് സ്ഥാപനത്തിലെ പ്രവർത്തനങ്ങളെയും തൊഴിൽ അവസരങ്ങളെയും ബാധിക്കുമെന്നാണ് ജീവനക്കാരുടെ പ്രധാന ഭയം. ഇത് സാങ്കേതിക വിഭാഗം, ശാസ്ത്രജ്ഞർ, ഭരണവിഭാഗം എന്നിവയിലെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിന് ഇടയാക്കും.
നിലവിലുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെയും ഭാവിയിലെ സ്ഥിരം നിയമനങ്ങളെയും ഈ നയം പ്രതികൂലമായി ബാധിക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകൾ സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് സർക്കാർ വ്യക്തമാക്കണം.
ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ, എസ്.എ.സി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ഉൾപ്പെടെയുള്ള ഒൻപത് പ്രമുഖ സംഘടനകളാണ് ഈ നിവേദനത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ഔദ്യോഗികമായി രേഖാമൂലം മറുപടി ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ജീവനക്കാരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

