കൊല്ലം മയ്യനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ മാസങ്ങളായി കുന്നുകൂടി കിടന്നിരുന്ന മാലിന്യച്ചാക്കുകൾ പഞ്ചായത്ത് അധികൃതർ ഇടപെട്ട് നീക്കം ചെയ്തു. നൂറുകണക്കിന് ചാക്കുകളാണ് ഇവിടെ നിന്നും പൂർണ്ണമായും ഒഴിവാക്കിയത്.
ഹരിത കർമ്മ സേന അംഗങ്ങൾ വിവിധ വീടുകളിൽ നിന്നായി ശേഖരിച്ച മാലിന്യങ്ങളാണ് പോസ്റ്റ് ഓഫീസിന് മുന്നിൽ കൂട്ടിയിട്ടിരുന്നത്. മതിൽക്കെട്ടും കവിഞ്ഞ് ചാക്കുകെട്ടുകൾ നിറഞ്ഞുകവിഞ്ഞതോടെ ഇതുവഴിയുള്ള യാത്രപോലും ദുഷ്കരമായിരുന്നു.
രൂക്ഷമായ ദുർഗന്ധം കാരണം മൂക്കുപൊത്തി മാത്രമെ ആളുകൾക്ക് പോസ്റ്റ് ഓഫീസിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നുള്ളൂ. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയതുമൂലം പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും അതിരൂക്ഷമായി വർദ്ധിച്ചിരുന്നു.
ജനങ്ങളുടെ ഈ ദുരിതപൂർണ്ണമായ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെടൽ നടത്തിയതും മാലിന്യങ്ങൾ നീക്കം ചെയ്തതും. വലിയ പ്രതിസന്ധിക്കാണ് ഇതിലൂടെ പരിഹാരമായതെന്ന് നാട്ടുകാർ വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് യാതൊരുവിധ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ മാലിന്യ സംസ്കരണം ഉറപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

