പുതിയ പുരപ്പുറ സോളാർ പദ്ധതികൾ സ്ഥാപിച്ച ഗാർഹിക ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധിയിൽ. നെറ്റ് മീറ്ററുകളുടെ ലഭ്യതക്കുറവ് മൂലം കണ്ണൂർ ജില്ലയിൽ മാത്രം 2040 കണക്ഷനുകളാണ് നിലവിൽ പാതിവഴിയിൽ മുടങ്ങി കിടക്കുന്നത്.
കഴിഞ്ഞ രണ്ടര മാസമായി തുടരുന്ന ഈ പ്രതിഹരി കാരണം പദ്ധതി പൂർത്തിയാക്കാനാകാതെ വട്ടം കറങ്ങുകയാണ് പൊതുജനങ്ങൾ. സോളാർ പ്ലാന്റുകളെ ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിന് അത്യാവശ്യമായ ഇംപോർട്ട്, എക്സ്പോർട്ട് നെറ്റ് മീറ്ററുകൾക്കാണ് രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നത്.
ഇതിൽ ത്രീഫേസ് വിഭാഗത്തിൽപ്പെടുന്ന മീറ്ററുകൾ സംസ്ഥാനത്ത് ഒരിടത്തും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ആവശ്യത്തിനനുസരിച്ച് മീറ്ററുകൾ മുൻകൂട്ടി വാങ്ങി സ്റ്റോക്ക് ചെയ്യുന്നതിൽ പർച്ചേസ് വിഭാഗത്തിന് സംഭവിച്ച വീഴ്ചയാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സബ്സിഡി പദ്ധതിയുടെ കാലാവധി അവസാനിക്കാറായതും, പല പ്രദേശങ്ങളിലും കെഎസ്ഇബി ട്രാൻസ്ഫോർമറുകളുടെ സോളർ ശേഷി പരിധിയിലെത്തിയതും ഉപഭോക്താക്കളെ ധൃതിപിടിച്ച് സോളാർ സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. ഇത് മീറ്ററുകളുടെ ആവശ്യം കുത്തനെ ഉയരാൻ ഇടയാക്കി.
കഴിഞ്ഞമാസം അവസാനത്തോടെ മീറ്ററുകൾ സെക്ഷൻ ഓഫിസുകളിൽ എത്തിക്കുമെന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഉപഭോക്താക്കൾ സ്വന്തം നിലയ്ക്ക് മീറ്റർ വാങ്ങി നൽകിയാൽ കണക്ഷൻ നൽകാമെന്ന് ബോർഡ് അറിയിക്കുന്നുണ്ടെങ്കിലും, ഉയർന്ന വില നൽകി മീറ്റർ വാങ്ങേണ്ടിവരുന്നതും പരിശോധനാ പ്രക്രിയകളിലെ കാലതാമസവും ആളുകളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
കൂടാതെ, ഭാവിയിൽ മീറ്ററിന് തകരാർ സംഭവിച്ചാൽ ഉപഭോക്താവ് തന്നെ അതു മാറ്റിസ്ഥാപിക്കേണ്ടി വരുമെന്ന വ്യവസ്ഥയും തിരിച്ചടിയാകുന്നു. അതേസമയം, സ്വന്തം നിലയ്ക്ക് മീറ്റർ വാങ്ങി നൽകുന്നവർക്ക് വാടക ഒഴിവാക്കി നൽകാമെന്നാണ് കെഎസ്ഇബിയുടെ വാഗ്ദാനം.
പലരും ഉയർന്ന പലിശയ്ക്ക് ബാങ്ക് വായ്പ എടുത്താണ് സോളാർ പ്ലാന്റുകൾ സ്ഥാപിച്ചിരിക്കുന്നത്. കെഎസ്ഇബി ലൈനുമായി ബന്ധിപ്പിച്ച് ഊർജ ഉൽപാദനം ഔദ്യോഗികമായി ആരംഭിച്ചാൽ മാത്രമേ കേന്ദ്ര സർക്കാർ സബ്സിഡി തുക ലഭിക്കുകയുള്ളൂ.
നിലവിൽ മഴ മാറി മികച്ച രീതിയിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്ന അനുകൂല കാലാവസ്ഥയാണുള്ളതെങ്കിലും, മീറ്റർ ലഭിക്കാത്തതിനാൽ സബ്സിഡിയും ഉൽപാദനവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഉപഭോക്താക്കൾ. വൈദ്യുതി ബോർഡിന്റെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് അനുകൂല നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

