കൊച്ചി: ‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന പ്രമേയത്തിൽ കേരള പൊലീസ് സ്പോർട്സ് മീറ്റ് 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ മാരത്തൺ ജില്ലയിലേക്ക്. ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിലൂടെ സഞ്ചരിക്കുന്ന ദീപശിഖാ പ്രയാണം ഞായർ (6) വൈകിട്ട് 4 മണിക്ക് കളമശേരി ഡെക്കാത്തലണിനു സമീപം എത്തിച്ചേരും. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ ചടങ്ങിൽ ദീപശിഖ ഏറ്റുവാങ്ങും.
തുടർന്ന് നടക്കുന്ന സ്വീകരണ ചടങ്ങിൽ ഫ്ലാഷ് മോബ്, സൂംബാ ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. ഇതിനുശേഷം സൈക്കിൾ റാലിയുടെ അകമ്പടിയോടെ മാരത്തൺ കലൂർ സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് പ്രവേശിക്കും.
വൈകിട്ട് 5 മണിയോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാരത്തൺ ജാഥകൾ ഇവിടെ സംഗമിക്കും. തുടർന്ന് നടക്കുന്ന മെഗാ മാരത്തൺ സ്റ്റേഡിയം വലംവയ്ക്കും.
ദീപശിഖ സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ ഏറ്റുവാങ്ങും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോജി എം.ജോൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ഗതാഗത നിയന്ത്രണം
ദീപശിഖാ പ്രയാണവും മാരത്തൺ സംഘവും കടന്നുപോകുന്ന കളമശ്ശേരി മുതൽ കലൂർ സ്റ്റേഡിയം വരെയുള്ള റൂട്ടുകളിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എൻഎച്ച് 544, ആലുവ– എറണാകുളം പിഡബ്ലിയു റോഡ്, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിൽ സെപ്റ്റംബർ ആറിന് വൈകുന്നേരം മൂന്നു മണി മുതൽ ഏഴു മണി വരെയാണ് ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.
യാത്രക്കാർ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യാത്രയ്ക്കായി ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

