ജനങ്ങൾക്ക് തെറ്റ് പറ്റി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന രാഷ്ട്രീയ തലത്തിൽ ചർച്ചയാകുന്നതിനിടെ, പാർട്ടി എപ്പോഴും ഊന്നൽ നൽകുന്നത് സ്വയം വിമർശനത്തിനാണെന്ന് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി രംഗത്ത്. ദില്ലിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ പരാമർശിച്ചത് ഒരു പ്രത്യേക മണ്ഡലത്തിലെ സാഹചര്യം മാത്രമാണെന്ന് എം.എ.ബേബി വിശദീകരിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന് മേൽ മാത്രം കെട്ടിവെക്കാനാകില്ലെന്ന് പി.ബി അംഗം എ.
വിജയരാഘവൻ പ്രതികരിച്ചു. പിണറായി വിജയന്റെ പ്രസ്താവന പൂർണ്ണമായി തള്ളിക്കളയാതെ തന്നെ, കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കിയ തിരുത്തൽ രേഖകളിലെ പ്രധാന ഊന്നൽ മറ്റൊന്നിനാണെന്ന സന്ദേശമാണ് എം.എ.ബേബി നൽകുന്നത്.
കണ്ണൂർ ജില്ലയിലെ ചില മണ്ഡലങ്ങളിലെ പ്രത്യേക സാഹചര്യങ്ങളെക്കുറിച്ചാണ് മുഖ്യമന്ത്രി പരാമർശിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട്, പാർട്ടിക്കും സർക്കാരിനും സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്ന കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ടിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉൾപ്പെടെ ഉന്നത നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ.
വരാനിരിക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ സ്വയം വിമർശനത്തിന് വലിയ പ്രാധാന്യം നൽകണമെന്ന പരോക്ഷ നിർദ്ദേശവും ജനറൽ സെക്രട്ടറി ഇതിലൂടെ മുന്നോട്ടുവെക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പി.ബി അംഗം എ.
വിജയരാഘവൻ ന്യായീകരിക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് പരാജയത്തിന് സംഘടനാപരമായ വീഴ്ചകളും ഭരണപരമായ പോരായ്മകളും കാരണമായിട്ടുണ്ട്.
എന്നാൽ, തോൽവിയുടെ ഉത്തരവാദിത്തം ഒരു വ്യക്തിയിലേക്ക് മാത്രം ചുരുക്കുന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് എ. വിജയരാഘവൻ കൂട്ടിച്ചേർത്തു.
എം.എ.ബേബി, വിജു കൃഷ്ണൻ, അശോക് ധാവ്ലെ, ബി.വി. രാഘവലു തുടങ്ങിയ പ്രമുഖ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല യോഗത്തിൽ പങ്കെടുക്കാനായി കേരളത്തിലേക്ക് തിരിക്കുന്നുണ്ട്.
എന്നാൽ, ഇന്നും നാളെയുമായി നടക്കുന്ന പി.ബി യോഗത്തിൽ ഈ വിഷയത്തിൽ വലിയ ചർച്ചകൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. വിശാല യോഗത്തിൽ ഉയരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അടിസ്ഥാനമാക്കിയാകും പൊളിറ്റ് ബ്യൂറോയുടെ വരും ദിവസങ്ങളിലെ നീക്കങ്ങൾ.
കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് ജനറൽ സെക്രട്ടറി യോഗത്തിൽ വിശദീകരിക്കും. നേതൃമാറ്റത്തെക്കുറിച്ചുള്ള ഔദ്യോഗിക നിർദ്ദേശങ്ങൾ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചയായിട്ടില്ലെങ്കിലും, വിശാല സമിതി യോഗത്തിലെ പൊതുവികാരം ഇക്കാര്യത്തിൽ നിർണ്ണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

