തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് കടം വാങ്ങിയ പണം ചോദിച്ചതിലുള്ള വിരോധത്തെ തുടർന്ന് വ്യാപാരിയെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിലായി. പെരിങ്ങമ്മല സ്വദേശികളായ സച്ചു (26), ഷാജി (40) എന്നിവരാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. ഉച്ചക്കടയിൽ ചിക്കൻ സ്റ്റാൾ നടത്തിവരികയായിരുന്ന കല്ലിയൂർ പാലപ്പൂര് സ്വദേശി അനിൽകുമാറിന്റെ കടയിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ ഇരുമ്പുകമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
അനിൽകുമാറിൽ നിന്ന് പ്രതികൾ മുൻപ് 25,000 രൂപ കടം വാങ്ങിയിരുന്നു. ഇതിൽ 23,000 രൂപ തിരികെ നൽകിയെങ്കിലും, ബാക്കി നിൽക്കുന്ന 2,000 രൂപ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനും ആക്രമണത്തിനും കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.
പരിക്കേറ്റ അനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത വിഴിഞ്ഞം പോലീസ് ഉടൻ തന്നെ പ്രതികളെ പിടികൂടുകയായിരുന്നു. തുടർനടപടികളുടെ ഭാഗമായി അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

