മുംബൈ: രമാബായ് രണ്‍വീറിന് ജീവിതം പലപ്പോഴും കഠിനമായ ഒരു പോരാട്ടമായിരുന്നു. മക്കളുടെ ഭാവി സുരക്ഷിതമാക്കാനും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ഒരു അമ്മയുടെ നിശ്ചയദാർഢ്യം ഒടുവിൽ വലിയൊരു വിജയത്തിന് വഴിയൊരുക്കുകയാണുണ്ടായത്.
ആധുനിക ട്രാക്ക് സ്യൂട്ടുകളും സ്പോർട്സ് ഷൂസുകളും അണിഞ്ഞെത്തിയ യുവതികളായ കായികതാരങ്ങളെ സ്വന്തം ഇച്ഛാശക്തി കൊണ്ട് പിന്നിലാക്കിക്കൊണ്ടാണ് 47 കാരിയായ രമാബായ് രണ്‍വീര്‍ മാരത്തോണിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മഹാരാഷ്ട്രയിൽ നടന്ന അമൃത് ദൗഡ് ഓട്ടമത്സരത്തെ അവിസ്മരണീയമാക്കി മാറ്റിയ ഈ സാധാരണക്കാരിയുടെ വിജയം കൗതുകത്തോടൊപ്പം വലിയ പ്രചോദനവുമാണ് നൽകുന്നത്.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബാജോഗോയില് ഭാരതീയ ശിക്ഷണ്‍ പ്രസാരക് സംസ്ഥ സംഘടിപ്പിച്ച അമൃദത് ദൗഡ് ഓട്ടമത്സരത്തിൽ പങ്കെടുക്കാനാണ് പാചക തൊഴിലാളിയായ രമാബായ് എത്തിയത്. മറ്റ് മത്സരാർത്ഥികളിൽ നിന്ന് തികച്ചും വ്യത്യസ്തമായി പരമ്പരാഗത സാരിയായിരുന്നു അവരുടെ വേഷം.
കാലിൽ ചെരുപ്പുകൾ പോലുമില്ലായിരുന്നു. വലിയ രീതിയിലുള്ള കായിക അംഗീകാരങ്ങളെക്കാൾ ഉപരിയായി മത്സര വിജയിക്ക് ലഭിക്കുന്ന 3000 രൂപ സമ്മാനത്തുകയിലായിരുന്നു അവരുടെ ശ്രദ്ധ മുഴുവൻ.
ഭർത്താവിന്റെ മരണശേഷം തന്റെ പെൺമക്കളുടെ വിദ്യാഭ്യാസ ചിലവുകൾ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുന്ന വ്യക്തിയാണ് രമാബായ്. എങ്കിലും ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുന്നിൽ തോറ്റുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല.
ഈ തുക ലഭിച്ചാൽ കുടുംബത്തിന് ചെറിയൊരു ആശ്വാസമാകും എന്ന പ്രതീക്ഷ മാത്രമാണ് അവരെ ട്രാക്കിലെത്തിച്ചത്. ആകെ മൂന്ന് കിലോമീറ്ററാണ് മത്സരാർത്ഥികൾ ഓടേണ്ടിയിരുന്നത്.
മത്സരം ആരംഭിച്ചപ്പോൾ കൈയിലുണ്ടായിരുന്ന പഴയ ചെരുപ്പ് ധരിച്ച് ഓടാൻ ശ്രമിച്ചെങ്കിലും, കുറേദൂരം പിന്നിട്ടപ്പോൾ അതുകൊണ്ട് മുന്നോട്ട് പോകാനാകില്ലെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് അവർ ചെരുപ്പ് ഊരിയെറിയുകയായിരുന്നു.
കൂർത്ത കല്ലുകൾ നിറഞ്ഞ വഴിയിലൂടെ നഗ്നപാദയായി പ്രൊഫഷണൽ ഓട്ടക്കാരെ മറികടന്ന് മുന്നിലെത്തുകയെന്നത് അതീവ ദുഷ്കരമായിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഒടുവിൽ കിതപ്പോടെ ഒന്നാമതായി ഫിനിഷിങ് ലൈൻ മറികടന്ന രമാബായ്യെ നിറഞ്ഞ കയ്യടിയോടെയാണ് കാണികളും സംഘാടകരും ചേർന്ന് സ്വീകരിച്ചത്.
മത്സരത്തിലൂടെ ലഭിച്ച സമ്മാനത്തുക പൂർണ്ണമായും തന്റെ പെൺമക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്ന് രമാബായ് വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ മൂത്തമകൾ നിലവിൽ പോലീസ് റിക്രൂട്ട്മെന്റിനായുള്ള കഠിന പരിശ്രമത്തിലാണ്.
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന ഈ അമ്മയുടെ ഇച്ഛാശക്തിയുടെ കഥ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

