ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ സ്ഥാപനമായ ടാറ്റാ കെമിക്കൽസിനോട് കെനിയയിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കാൻ പ്രസിഡന്റ് വില്യം റൂട്ടോ ഉത്തരവിട്ടു. രാജ്യത്തിന്റെ വികസനത്തിന് ടാറ്റാ കെമിക്കൽസിന്റെ സാന്നിധ്യം യാതൊരുവിധ നേട്ടവും ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഭരണകൂടത്തിന്റെ ഈ നിർണായക നടപടി.
കെനിയയിൽ കമ്പനിയുടെ കൈവശമുള്ള ഖനന അവകാശങ്ങൾ ഇനി മുതൽ പുതിയ നിക്ഷേപകർക്ക് കൈമാറും. ഖനനം ചെയ്തെടുക്കുന്ന ധാതുക്കൾ സോഡാ ആഷ് രൂപത്തിലാക്കി ടാറ്റാ കെമിക്കൽസ് കയറ്റുമതി ചെയ്യുകയാണെന്നും, എന്നാൽ ഇവ പ്രാദേശിക കെനിയൻ കമ്പനികൾക്ക് ലഭ്യമാക്കുന്നില്ലെന്നും പ്രസിഡന്റ് ശക്തമായി ആരോപിച്ചു.
ഗ്ലാസുകളും വിവിധ രാസവസ്തുക്കളും നിർമിക്കുന്നതിനുള്ള പ്രധാന ഘടകമാണ് സോഡാ ആഷ്. ‘‘100 വർഷത്തെ കരാറുണ്ടായിട്ടും കെനിയയ്ക്കു വേണ്ടി ടാറ്റ കെമിക്കൽസ് ഒന്നും ചെയ്തില്ല.
ധാതു സമ്പന്നമാണ് കെനിയയിലെ മഗാഡി തടാകം. ടാറ്റ ഞങ്ങളുടെ ധാതുക്കൾ എടുത്ത് ഇന്ത്യയിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അയയ്ക്കുകയാണ്’’ എന്ന് വില്യം റൂട്ടോ വ്യക്തമാക്കി.
കൂടാതെ, ‘‘ഞങ്ങളെന്താ അടിമകളാണോ? കെനിയയ്ക്കുവേണ്ടി ടാറ്റ ഒന്നും ചെയ്തില്ല. അതുകൊണ്ടാണ് ഞാനവരോട് ബാഗെല്ലാം പായ്ക്ക് ചെയ്ത് കെനിയയിൽ നിന്ന് പോയ്ക്കോളാൻ പറഞ്ഞത്’’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ടാറ്റാ ഗ്രൂപ്പിനെതിരെയുള്ള ഈ നടപടിക്കെതിരെ കെനിയൻ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. സർക്കാരിനെ അനുകൂലിക്കുന്ന ചില പ്രത്യേക കമ്പനികൾക്ക് ഖനനാനുമതി നൽകുന്നതിനായാണ് പ്രസിഡന്റ് ഈ നീക്കം നടത്തിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഈ തീരുമാനത്തിലൂടെ അഞ്ഞൂറോളം ജീവനക്കാരുടെ തൊഴിൽ ഒറ്റയടിക്ക് നഷ്ടപ്പെട്ടുവെന്നും, പരോക്ഷമായി തൊഴിലെടുക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ പെരുവഴിയിലായെന്നും അവർ ആരോപിച്ചു. എന്നാൽ, ഖനനാനുമതി ലഭിക്കുന്നവർ ഇവിടെത്തന്നെ ഗ്ലാസ് ഫാക്ടറി സ്ഥാപിക്കണമെന്നും അത് പാലിക്കാത്തതിനാലാണ് ടാറ്റയ്ക്കെതിരെ നടപടിയെടുത്തതെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
മഗഡിയിലെ മണ്ണിനടിയിൽ വൻതോതിൽ ക്രൂഡോയിലും ലിഥിയവും നിക്ഷേപമായി ഉണ്ടെന്നും, എന്നാൽ ഒരു നൂറ്റാണ്ടുകാലം ലഭിച്ചിട്ടും ബ്രണ്ണർ മോണ്ടിനോ ടാറ്റയ്ക്കോ ഇത് തിരിച്ചറിയാനോ ഖനനം ആരംഭിക്കാനോ സാധിച്ചില്ലെന്നുമാണ് സർക്കാരിനെ അനുകൂലിക്കുന്നവരുടെ വാദം. ക്രൂഡോയിൽ ഖനനം ഉൾപ്പെടെയുള്ള പുതിയ മേഖലകളിലേക്കുള്ള അവകാശമാകും പുതിയ നിക്ഷേപകർക്ക് ലഭിക്കുക.
2005-ൽ ബ്രണ്ണർ മോണ്ട് എന്ന കമ്പനിയെ ഏറ്റെടുത്തുകൊണ്ടാണ് ടാറ്റാ കെമിക്കൽസ് കെനിയയിൽ പ്രവർത്തനം ആരംഭിക്കുന്നത്. 1911 മുതൽ കെനിയയിൽ പ്രവർത്തിച്ചുവരുന്ന സംരംഭമാണിത്.
ഈ ചരിത്രം മുൻനിർത്തിയാണ് പ്രസിഡന്റ് ‘100 വർഷം’ എന്ന പരാമർശം നടത്തിയത്. റോയൽറ്റി അടവിലുണ്ടായ വീഴ്ചകളും വിവിധ നിയമലംഘനങ്ങളും ചൂണ്ടിക്കാണിച്ചുുകൊണ്ട് ടാറ്റാ കെമിക്കൽസിന്റെ കെനിയൻ വിഭാഗമായ ടാറ്റാ കെമിക്കൽസ് മഗഡി ലിമിറ്റഡിനോട് പ്രവർത്തനം നിർത്തിവെക്കാൻ കെനിയൻ ഖനന മന്ത്രാലയം ഒരുമാസം മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു.
തലസ്ഥാനമായ നെയ്റോബിയിലെ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ നിർമിക്കുന്നതിനുള്ള കരാർ അദാനി ഗ്രൂപ്പിന് നൽകാനുള്ള നീക്കവും അടുത്തിടെ കെനിയയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒടുവിൽ അദാനിയെ പിൻവലിച്ച് ചൈനീസ് കമ്പനിക്കാണ് കെനിയ ഈ കരാർ നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

