ഇറാനിൽ വിവാഹ ചടങ്ങിനിടെയുണ്ടായ യു.എസ് വ്യോമാക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കി.
വസ്തുതകൾ പൂർണ്ണമായി പരിശോധിക്കുന്നതിനാണ് അന്വേഷണയമെന്നും, സൈന്യത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ തീരപ്രദേശമായ സിറിക് കൗണ്ടിയിലെ കുഹെസ്തക് ഗ്രാമത്തിലാണ് വിവാഹാഘോഷങ്ങൾക്കിടെ വ്യോമാക്രമണമുണ്ടായത്.
ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 22-കാരി കൂടി മരണപ്പെട്ടതോടെ ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയർന്നു. നാലു വയസ്സുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് എഴുപതോളം പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. വിലാപയാത്രയ്ക്ക് ശേഷം നാല് പേരുടെ സംസ്കാര ചടങ്ങുകൾ നടന്നു.
സന്തോഷനിമിഷമാകേണ്ടിയിരുന്ന ഒരു വിവാഹവേളയെ ഈ ദാരുണ സംഭവം വലിയ ദുഃഖത്തിലാഴ്ത്തിയതായി പ്രദേശവാസികൾ വ്യക്തമാക്കി. എന്നാൽ തങ്ങൾ ഒരിക്കലും സാധാരണ ജനങ്ങളെ ലക്ഷ്യമിടാറില്ലെന്നാണ് യു.എസ് സൈന്യത്തിന്റെ വിശദീകരണം.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാനിയൻ തീരത്തെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതെന്നാണ് സൈന്യം പ്രതിരോധിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾ തുടരുമ്പോഴും നിലവിലെ സാഹചര്യത്തെ ‘യുദ്ധം’ എന്ന് വിശേഷിപ്പിക്കാൻ ജെ ഡി വാൻസ് തയ്യാറായില്ല.
പ്രധാന സൈനിക നടപടികൾ അവസാനിച്ചുവെന്നും, എണ്ണക്കപ്പലുകൾക്ക് മേലുള്ള ഇറാനറെ ഭീഷണികൾ പ്രതിരോധിക്കുക മാത്രമാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ പൂർണ്ണമായി നിർത്തിവെക്കാതെ യാതൊരുവിധ ചർച്ചയ്ക്കുമില്ലെന്നാണ് അമേരിക്കയുടെ നിലപാട്.
സംഘർഷാവസ്ഥ എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി പശ്ചിമേഷ്യയിലെ വിവിധ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
കുവൈറ്റിലെ യു.എസ് താവളത്തെ ലക്ഷ്യമാക്കി എത്തിയ മിസൈലുകളും ഡ്രോണുകളും അവിടത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വഴി തകർത്തതായി കുവൈറ്റ് സൈന്യം സ്ഥിരീകരിച്ചു. സംഘർഷം കനത്തതോടെ ആഗോളതലത്തിൽ എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ശക്തമാവുകയും ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്.
പശ്ചിമേഷ്യ വീണ്ടും വലിയൊരു യുദ്ധഭീതിയിലേക്ക് നീങ്ങുന്നതിന്റെ ആശങ്കയിലാണ് ആഗോള വിപണി ഇപ്പോൾ ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

