കേരളത്തിലേക്ക് അർജന്റീന ഫുട്ബോൾ ടീം എത്തുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളിലെ ദുരൂഹതകളും ക്രമക്കേടുകളും പരിശോധിക്കുന്നതിനായി ആഭ്യന്തര വകുപ്പ് ഔദ്യോഗികമായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ചുമതലപ്പെടുത്തി.
പ്രമുഖ ഉദ്യോഗസ്ഥനായ എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള ഈ സമിതിയിൽ ക്രൈംബ്രാഞ്ച്, വിജിലൻസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച എസ്ഐടി അന്വേഷണങ്ങളിൽ എഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ നേരിട്ട് ചുമതലയേൽക്കുന്ന ആദ്യ സംഭവമാണിത്.
ഈ ഇടപാടുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പുകളും കള്ളപ്പണ ഇടപാടുകളും ചട്ടലംഘനങ്ങളും അധികാര ദുരുപയോഗവും നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തുടർനടപടികൾ വന്നിട്ടുള്ളത്. അർജന്റീന ഡീലുമായി ബന്ധപ്പെട്ട് നടക്കുന്ന മൂന്നാമത്തെ അന്വേഷണമാണിത്.
സ്പോൺസറായ പ്രമുഖ കമ്പനി നികുതി വെട്ടിപ്പ് നടത്തിയതായി ജിഎസ്ടി എസ്ഐഡിയുടെ പരിശോധനയിൽ നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ, വിദേശപണമിടപാടിൽ ഫെമ (FEMA) ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം സജീവമാക്കിയിട്ടുണ്ട്.
സ്പോൺസറെ തെരഞ്ഞെടുത്തതിലെ വഴിവിട്ട നീക്കങ്ങൾ, സർക്കാർ തലത്തിലുള്ള ഗുരുതരമായ ചട്ടലംഘനങ്ങൾ, ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, വിദേശ പണമിടപാടുകളിലെ അപാകതകൾ, കള്ളപ്പണ ഇടപാട് എന്നിവയെല്ലാം പുതിയ എസ്ഐടി സംഘം വിശദമായി പരിശോധിക്കും.
എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ ഇത്തരം നീക്കങ്ങൾക്ക് നേതൃത്വം നൽകിയത് മുൻ കായികമന്ത്രി വി.അബ്ദുറഹിമാൻ ആണെന്നാണ് കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. കൂടാതെ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ചീഫ് സെക്രട്ടറി എ.ജയതിലക് എന്നിവർക്കും വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.
സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെ കാണുന്ന ഈ കേസിന്റെ പ്രാധാന്യം അന്വേഷണത്തിലും പ്രതിഫലിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കുമെന്നും എഡിജിപി പി.വിജയൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

