ആലപ്പുഴ ഡിപ്പോയിൽ നിന്നു കൊല്ലൂർ മൂകാംബികയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് അടിക്കടി തകരാറിലാകുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കൃത്യമായ അറ്റകുറ്റ പണികൾ നടത്താത്തതാണ് ബസുകൾ തകരാറിലാകാൻ കാരണം എന്നാണ് യാത്രക്കാരുടെ പരാതി.
കഴിഞ്ഞ ഞായർ വൈകിട്ട് 5.30ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ട ഫുൾ റിസർവേഷൻ ബസ് മുല്ലയ്ക്കൽ എത്തിയപ്പോഴേക്കും തകരാറിലാവുകയും തിരികെ ഡിപ്പോയിലെത്തിക്കുകയും ചെയ്തതാണ് അവസാന സംഭവം.
ഓണം കഴിഞ്ഞു തിരക്കേറിയ ദിവസമായിരുന്നിട്ടും പകരം രാത്രി 7.30ന് ഫാസ്റ്റ് പാസഞ്ചർ ബസാണ് ക്രമീകരിച്ചത്. തുടർന്നു ചേർത്തലയിലെത്തിയപ്പോൾ മറ്റൊരു ബസിലേക്ക് യാത്രക്കാരെ മാറ്റി കയറ്റി കാസർകോഡ് വരെ എത്തിച്ചു.
അവിടെനിന്നു വീണ്ടും മറ്റൊരു ബസിലാണ് ഉച്ചയോടെ കൊല്ലൂർ മൂകാംബികയിൽ എത്തിയത്. തിരികെയുള്ള യാത്രയിലും തകരാർ തുടർന്നതായി യാത്രക്കാർ പരാതിപ്പെടുന്നു.
വൈകിട്ട് 4ന് പുറപ്പെടേണ്ട സുൽത്താൻ ബത്തേരി ബസും തകരാർ മൂലം വൈകിയാണ് സർവീസ് ആരംഭിച്ചത്.
അങ്കമാലിയിൽ വച്ചു വീണ്ടും കേടായ ഈ ബസ് താൽക്കാലികമായി നന്നാക്കി കോഴിക്കോട് എത്തിയപ്പോൾ അവിടെ ഉപേക്ഷിക്കേണ്ടി വന്നു (ഡോക്ക് ചെയ്തു). തുടർന്നു സൂപ്പർ ഫാസ്റ്റിനു പകരം ഫാസ്റ്റ് ബസ് നൽകി സുൽത്താൻ ബത്തേരിയിലെത്തിച്ചു.
അവിടെനിന്നു വീണ്ടും ബസ് മാറിയാണ് തിരികെ ആലപ്പുഴയിലേക്കുള്ള സർവീസ് നടത്തിയത്. തിങ്കൾ രാത്രി ബത്തേരിയിൽ നിന്ന് എത്തിയ ബസ് ഓടിച്ചുനോക്കിയപ്പോൾ സർവീസിനു യോഗ്യമല്ലെന്ന് കണ്ട് ഡോക്ക് ചെയ്തിരിക്കുകയാണ്.
ഇതുമൂലം ഇന്നലെ (01) ഈ ബത്തേരി സർവീസ് റദ്ദാക്കുകയും ചെയ്തു. 45,000 രൂപ മുതൽ 60,000 രൂപ വരെ കളക്ഷനുള്ള മികച്ച സർവീസാണിത്.
വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കാൻ സാധനങ്ങളുടെ പർച്ചേസ് നടത്തുന്നുണ്ടെങ്കിലും ഇവ കൃത്യമായി ഡിപ്പോകളിലെ യൂണിറ്റുകളിൽ എത്താത്തതാണ് പ്രശ്നത്തിനു കാരണം എന്ന് ആക്ഷേപമുണ്ട്. ദീർഘദൂര സർവീസ് നടത്തുന്ന വണ്ടികളിൽ വിശദമായ പരിശോധനകൾ നടത്തുന്നില്ല.
പലപ്പോഴും തകരാറുകൾ ചൂണ്ടിക്കാണിക്കുന്ന ഡ്രൈവർമാരെ കുറ്റക്കാരാക്കാനാണ് ശ്രമിക്കുന്നത് എന്നും ജീവനക്കാർ പറയുന്നു. അറ്റകുറ്റപ്പണികൾ നടത്താതെ ബസുകൾ റോഡിലിറക്കി യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ പന്താടുന്ന ആലപ്പുഴ ഡിപ്പോയിലെ ഇത്തരം നടപടികൾക്കെതിരെ ഗതാഗത മന്ത്രി എത്രയും വേഗം ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കൂടാതെ സ്റ്റേഷനിലെ അന്വേഷണ വിഭാഗത്തിൽ കണ്ടക്ടർമാരെ നിയോഗിക്കുന്നതിനാൽ പല സർവീസുകളും മുടങ്ങുന്ന സ്ഥിതിയാണ്. സീനിയർ കണ്ടക്ടർമാർ ഈ ജോലി ഏറ്റെടുത്ത് സർവീസ് പോകാതിരിക്കുന്നതായാണ് ആക്ഷേപം.
നിലവിൽ കണ്ടക്ടർമാരുടെ എണ്ണം കുറവാണ്. അന്വേഷണ കൗണ്ടറിൽ കണ്ടക്ടർമാരെ നിയോഗിക്കുന്നതു മൂലം ഇന്നലെയും സർവീസ് റദ്ദാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

