കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കും സുരക്ഷാ നിരീക്ഷണങ്ങൾക്കുമായി തീരദേശ പൊലീസിന് അനുവദിച്ചിട്ടുള്ള സ്പീഡ് ബോട്ടുകൾ പൂർണ്ണമായും കാലഹരണപ്പെട്ട അവസ്ഥയിൽ.
ഇവയുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടാകുന്നതായാണ് വ്യാപകമായ ആക്ഷേപം ഉയരുന്നത്. തീരദേശ പൊലീസിന്റെ സ്പീഡ് ബോട്ടുകളുടെ സേവനം സമയബന്ധിതമായി ലഭ്യമാകാത്തത് കാരണം കൊല്ലത്ത് അടുത്തിടെ കടലിൽ വെച്ച് മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ സഹായം നൽകാൻ ബാധ്യസ്ഥരായ തീരദേശ പൊലീസിന്റെ ബോട്ടുകൾ പലപ്പോഴും കട്ടപ്പുറത്താണുള്ളത്. അത്യാഹിത ഘട്ടങ്ങളിൽ സഹായം തേടി മത്സ്യത്തൊഴിലാളികൾ ബന്ധപ്പെടുമ്പോൾ നിരാശയാണ് ഫലം എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.
തിങ്കളാഴ്ച തങ്കശ്ശേരി സ്വദേശിയായ ജാക്സന്റെ (65) ജീവൻ നഷ്ടപ്പെട്ടതാണ് ഈ വിഷയത്തിലെ ഒടുവിലത്തെ ദാരുണ സംഭവം. പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള രണ്ട് ബോട്ടുകളാണ് നിലവിൽ തീരദേശ പൊലീസിന്റെ കൈവശമുള്ളത്.
ഇതിൽ ഒരെണ്ണം കൊല്ലം പോർട്ടിലും മറ്റൊരെണ്ണം നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷനിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതിൽ നീണ്ടകരയിൽ ഉണ്ടായിരുന്ന ബോട്ടിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് പൂർത്തിയായത്.
രണ്ട് ബോട്ടുകളുടെയും പ്രവർത്തനത്തിനായി പത്ത് ഉദ്യോഗസ്ഥരെയാണ് ആകെ നിയമിച്ചിട്ടുള്ളത്. ബോട്ടുകൾ പൂർണ്ണ സജ്ജമാണെന്ന ധാരണയിൽ അടിയന്തര ഘട്ടങ്ങളിൽ മത്സ്യത്തൊഴിലാളികൾ തീരദേശ പൊലീസുമായി ബന്ധപ്പെടുമ്പോഴാണ് ഇവ പ്രവർത്തന രഹിതമാണെന്ന വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ വർക്കല ഭാഗത്ത് കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് തങ്കശ്ശേരി പ്ലാമൂട് പറമ്പിൽ ജാക്സൻ സ്വന്തം വള്ളത്തിൽ കുഴഞ്ഞുവീണത്. ഇയാൾക്ക് കൃത്യസമയത്ത് സിപിആർ നൽകാൻ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർക്ക് അറിവില്ലായിരുന്നു.
തുടർന്ന് അവർ ഉടൻ തന്നെ ജാക്സന്റെ വീട്ടുകാരുമായി ബന്ധപ്പെടുകയും തീരദേശ പൊലീസിന്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ ബോട്ടുകൾ തകരാറിലാണെന്നും സ്ഥലത്തെത്താൻ ബുദ്ധിമുട്ടാണെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ഇതിനു മുൻപ് രണ്ട് വർഷം മുൻപ് മറ്റൊരു അത്യാഹിത ഘട്ടത്തിൽ സഹായം തേടിയപ്പോഴും ബോട്ടുകൾ കട്ടപ്പുറത്തുതന്നെയായിരുന്നു. നീണ്ടകരയിൽ സൂക്ഷിച്ചിരുന്ന തീരദേശ പൊലീസിന്റെ സ്പീഡ് ബോട്ടിന്റെ അറ്റകുറ്റപ്പണി തിങ്കളാഴ്ച വൈകിട്ടാണ് പൂർത്തിയായത്.
ഈ ബോട്ടിന്റെ അറ്റകുറ്റപ്പണികൾ ഒരു ദിവസം മുൻപെങ്കിലും പൂർത്തിയാക്കാൻ സാധിച്ചിരുന്നെങ്കിൽ ജാക്സന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് മത്സ്യത്തൊഴിലാളികൾ വേദനയോടെ പറയുന്നത്. നിലവിൽ ഫിഷറീസ് വകുപ്പിന്റെ ഒരു ബോട്ട് മാത്രമാണ് നീണ്ടകരയിൽ പ്രവർത്തന സജ്ജമായ അവസ്ഥയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

