കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കഞ്ഞിക്കുഴി മേൽപ്പാല നിർമാണത്തിനുള്ള നടപടികൾ വേഗത്തിലാകുന്നു. 50 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള ഔദ്യോഗിക നീക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
ദേശീയപാത അതോറിറ്റിയുടെ പക്കലുണ്ടായിരുന്ന, മേൽപ്പാലവുമായി ബന്ധപ്പെട്ട കഴിഞ്ഞ 12 വർഷത്തെ ഫയലുകളാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഇന്നലെ ഔദ്യോഗികമായി ഏറ്റെടുത്തത്.
പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഓഫിസുകളിൽ നേരിട്ടെത്തിയാണ് രേഖകൾ കൈക്കലാക്കിയത്. മുൻകാലങ്ങളിൽ മേൽപ്പാലവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.
ഈ ഫയലുകളെല്ലാം ക്രോഡീകരിച്ച് ഒറ്റ പദ്ധതിയായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. മുൻപ് ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ അവസാന കാലയളവിൽ ഈ മേൽപ്പാലത്തിന് അനുമതി ലഭിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാകുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതോടെ ഫയലുകളുടെ വേഗത നിലയ്ക്കുകയായിരുന്നു. തുടർന്നുള്ള കാലയളവിൽ മേൽപ്പാലത്തിന് പകരം നാലുവരിപ്പാത നിർമിക്കണമെന്ന ചർച്ചകൾ ഉയർന്നുവന്നു.
എങ്കിലും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയായിരുന്ന കാലത്ത് നടത്തിയ ശക്തമായ ഇടപെടലുകളെ തുടർന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന വർഷം പദ്ധതിക്ക് വീണ്ടും അനുമതി ലഭിച്ചു. തുടർന്ന് പ്രാരംഭ പഠനങ്ങൾക്കായി ബജറ്റിൽ ഒന്നര കോടി രൂപയും വകയിരുത്തി.
നിലവിലെ സർക്കാരിന്റെ ബജറ്റിലും ഈ പദ്ധതി ഇടംപിടിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കിയത് ഇതാണ്: “പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ ഊർജിതമായി ഫയൽ കൈകാര്യം ചെയ്തുവരികയാണ്.
മേൽപാലത്തിനായി മുൻപ് ഏകദേശം 40 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ടെൻഡർ വരെ പൂർത്തിയായിരുന്നു. പിന്നീട് മുടങ്ങിയതിന്റെ കാരണം എല്ലാവർക്കും അറിയാം.
ഇനി കൂടുതൽ തുക വേണ്ടിവരും. പണമല്ല പ്രശ്നം.
ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് മുൻതൂക്കം.” ദേശീയപാത 183 ന്റെ ഭാഗമായതിനാൽ ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ പൂർത്തിയാക്കി നിർമാണച്ചുമതല സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ ധാരണയായിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഫയലുകൾ ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്. ഇനി പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതുണ്ട്.
മേൽപ്പാലത്തിനായി ശുപാർശ ചെയ്തിരിക്കുന്ന നീളം 600 മീറ്ററാണ്. ഇതിനായി ഏകദേശം 50 കോടി രൂപയുടെ ചെലവാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

