അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ പോസ്റ്റ്മോർട്ടം നടപടികൾ നാളെ പൂർണമാകും.
തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻമേരി മാത്യു (40) എന്നിവരുടെ പോസ്റ്റ്മോർട്ടം നടപടികളാണു പുരോഗമിക്കുന്നത്. മൃതദേഹങ്ങളിൽ എംബാം അടക്കമുള്ള മറ്റു നടപടിക്രമങ്ങൾ കൂടി തീർക്കാൻ ഇനിയും രണ്ടു ദിവസത്തെ താമസം ആവശ്യമുണ്ട്.
കോൺസുലേറ്റുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും, ഔദ്യോഗിക നടപടിക്രമങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മന്ത്രി ഒ.ജെ.ജനീഷ് അഞ്ജനയുടെ വീട് സന്ദർശിക്കുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നുള്ള ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോട്ടയം ഈരാറ്റുപേട്ട
മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സ്വദേശിയായ അനില (32) കുറ്റം സമ്മതിച്ചതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും മിൽപീറ്റസ് പൊലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നുള്ള കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഫൊറൻസിക് പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ പൊലീസിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളൂ. സാധാരണയായി ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ കാലതാമസം നേരിടാറുണ്ടെങ്കിലും, ജനപ്രതിനിധികളുടെ സജീവമായ ഇടപെടൽ കാരണം നടപടികൾ വേഗത്തിലാകുമെന്നാണ് നിലവിലെ സൂചനകൾ.
എന്നാൽ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അഞ്ജനയുടെയും ആൻമേറിയുടെയും ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കൃത്യമായ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

