മലയാള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാർ’ സംബന്ധിച്ച പുതിയ വിവരങ്ങൾ ചർച്ചയാകുന്നു. ‘ഹോം’ എന്ന വിജയചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ കാൻവാസിലാണ് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ റിലീസ് തീയതിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരാൻ വൈകുന്നതിനിടയിൽ നടൻ ജയസൂര്യ പങ്കുവെച്ച പുതിയ സമൂഹമാധ്യമ പോസ്റ്റാണ് ഇപ്പോൾ സിനിമാലോകത്ത് ശ്രദ്ധനേടുന്നത്. സംവിധായകൻ റോജിൻ തോമസിനൊപ്പമുള്ള ഒരു ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്.
റോജിന്റെ കഴുത്തിൽ കത്തിവെച്ചുനിൽക്കുന്ന രീതിയിലുള്ള രസകരമായ ചിത്രത്തോടൊപ്പം ‘നീ കത്തനാർ ഇറക്കുന്നോ… അതോ ഞാൻ കത്തി ഇറക്കണോ.. ?’ എന്ന രസകരമായ ചോദ്യവും താരം ക്യാപ്ഷനായി നൽകിയിട്ടുണ്ട്.
പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രശസ്തമായ ‘ചതിക്കാത്ത ചന്തു’ എന്ന സിനിമയിലെ രംഗത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രമെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
ഒപ്പം സിനിമയ്ക്കായുള്ള തങ്ങളുടെ കാത്തിരിപ്പും വലിയ ആകാംക്ഷയും കമന്റ് ബോക്സിൽ പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്. 212 ദിവസവും 18 മാസവും കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
മലയാളത്തിലെ എക്കാലത്തെയും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഗോകുലം ഗോപാലൻ ആണ് ഗോകുലം മൂവീസിന്റെ ബാനറിലാണ്. ഏകദേശം 75 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി 15 വ്യത്യസ്ത ഭാഷകളിലായാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും വൈകാതെ തന്നെ റിലീസ് ഉണ്ടാകുമെന്നും മുൻപ് ഒരു പൊതുവേദിയിൽ ജയസൂര്യ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

