തുടർച്ചയായ ഇടിവുകൾക്ക് വിരാമമിട്ട് കേരളത്തിൽ സ്വർണവില ഇന്ന് തിരിച്ചുകയറി. വിപണിയിൽ ഗ്രാമിന് 15 രൂപ വർധിച്ച് 14,385 രൂപയായാണ് നിരക്ക് ഉയർന്നത്.
പവന്റെ കാര്യത്തിൽ 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,15,080 രൂപയിലെത്തി.
രാജ്യാന്തര വിപണിയിൽ ഔൺസിന് 1.8 ഡോളർ മാത്രം ഉയർന്ന് 4432 ഡോളർ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കയിലെ അടിസ്ഥാന പലിശനിരക്കുകളിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങൾ വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിനിടയിലാണ് അത്യാവശ്യത്തിനല്ലാതെ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന കർശന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തിയത്. രാജ്യത്തിന്റെ 7.8 ശതമാനം ജിഡിപി വളർച്ചയെ ചൂണ്ടിക്കാട്ടി പുറത്തുവിട്ട
‘സെൽഫി വിഡിയോ’യിലാണ് മോദിയുടെ പരാമർശം. ഇന്ത്യ വീണ്ടും ശക്തമായ വളർച്ചയിലേക്ക് തിരികെവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആത്മനിർഭരത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരമാവധി സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ തയാറാകണമെന്ന് അദ്ദേഹം ഓർപ്പിച്ചു. നിലവിൽ ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാനായി കിർഗിസ്ഥാനിലാണ് പ്രധാനമന്ത്രി ഉള്ളത്.
‘‘വിദേശ യാത്ര ആനന്ദത്തിന് വേണ്ടിയാണെങ്കിൽ നിങ്ങൾ പോകരുത്. വിദേശത്ത് കല്യാണം കഴിക്കാനാണ് തീരുമാനമെെങ്കിൽ അതുമൊഴിവാക്കണം.
ഇനി, അത്യാവശ്യമില്ലെങ്കിൽ നിങ്ങൾ സ്വർണവും വാങ്ങരുത്’’, മോദി വിഡിയോയിൽ വ്യക്തമാക്കി. ഈ നിർദേശങ്ങൾ കർശനമായി പാലിച്ചാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷമായപ്പോഴേക്കും യുവതലമുറയ്ക്ക് വികസിത ഇന്ത്യയെ സമ്മാനിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉല്ലാസയാത്രകൾക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കല്യാണങ്ങൾക്കും വിദേശരാജ്യങ്ങൾക്ക് പകരം ഇന്ത്യൻ വേദികൾ തന്നെ ഉപയോഗപ്പെടുത്തണം.
‘കല്യാണം ഇന്ത്യയിൽ തന്നെ’ എന്ന മന്ത്രം ഏവരും പിൻതുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശയാത്രകളും വിദേശത്തുള്ള വിവാഹങ്ങളും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ആറ് നിർദേശങ്ങൾ താഴെ പറയുന്നവയാണ്: 1.
വർക്ക് ഫ്രം ഹോം: ഇന്ധന ഉപഭോഗം ഫലപ്രദമായി നിയന്ത്രിക്കാനായി പരമാവധി വർക്ക് ഫ്രം ഹോം രീതി നടപ്പിലാക്കുക.
2. ഓൺലൈൻ യോഗങ്ങൾ: ഔദ്യോഗിക മീറ്റിങ്ങുകളും ഒത്തുകൂടലുകളും പരമാവധി ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറ്റുക.
3.
ഇന്ധന ഉപഭോഗം കുറയ്ക്കുക: ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോളും ഡീസലും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
4.
വിദേശയാത്രകൾ ഒഴിവാക്കുക: വിദേശനാണയ ശേഖരം സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.
5. സ്വർണം അത്യാവശ്യത്തിന് മാത്രം: സ്വർണ ഇറക്കുമതി ഗണ്യമായി കുറയ്ക്കേണ്ടത് അനിവാര്യമാണ്.
അതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം സ്വർണം വാങ്ങുക.
6. പൊതുഗതാഗതം പ്രയോജനപ്പെടുത്തുക: വ്യക്തിഗത വാഹനങ്ങൾക്ക് പകരം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക.
യാത്രാവേളകളിൽ കാർ പൂളിങ് രീതി പരമാവധി പ്രയോജനപ്പെടുത്തുക. മറ്റു ലോഹങ്ങളുടെ വിപണി വില കേരളത്തിലെ മറ്റ് സ്വർണ ഇനങ്ങളുടെ വിലയിലും ഇന്ന് മാറ്റമുണ്ടായിട്ടുണ്ട്.
18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ വർധിച്ച് 11,815 രൂപയായി. 14 കാരറ്റ് സ്വർണ വില ഗ്രാമിന് 10 രൂപ ഉയർന്ന് 9,205 രൂപയിലെത്തി.
9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5 രൂപ കൂടി 5,935 രൂപയാണ് ഇന്നത്തെ വില. അതേസമയം, വെള്ളിയുടെ വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയത്.
ഗ്രാമിന് 5 രൂപ കുറഞ്ഞ് 250 രൂപയിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

