നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം അണികളുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമവുമായി മുതിർന്ന നേതാവ് രംഗത്ത്. തിരഞ്ഞെടുപ്പ് തിരിച്ചടികൾ സംബന്ധിച്ച് ഗൗരവമേറിയ ചർച്ചകൾക്കും തിരുത്തലുകൾക്കുമായി വിപുലീകരിച്ച സംസ്ഥാന സമിതിയോഗം ചേരാനിരിക്കെയാണ് ഈ നീക്കം.
തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിൽ നടന്ന യോഗങ്ങളിൽ പാർട്ടിക്കെതിരെ വോട്ട് ചെയ്ത പ്രവർത്തകർ തെറ്റു തിരുത്തണമെന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഈ വാദങ്ങൾ ഔദ്യോഗിക അവലോകന റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾക്ക് തീർത്തും വിരുദ്ധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വരാനിരിക്കുന്ന യോഗത്തിൽ നേതൃത്വത്തിനെതിരെ അതിശക്തമായ വിമർനങ്ങൾ ഉയർന്നേക്കാമെന്ന സാധ്യത മുന്നിൽക്കണ്ട് അജൻഡ മുൻകൂട്ടി നിശ്ചയിക്കാനാണ് ഇത്തരം നീക്കങ്ങളെന്നാണ് സൂചന. പയ്യന്നൂരിലെ വി.കുഞ്ഞിക്കൃഷ്ണൻ, തളിപ്പറമ്പിലെ ടി.കെ.ഗോവിന്ദൻ എന്നിവരുമായി ബന്ധപ്പെട്ട
വിഷയങ്ങളിൽ അണികൾ തെറ്റായ പ്രചാരണങ്ങളിൽ വീണുപോയെന്നാണ് വിശദീകരണം. എന്നാൽ ഔദ്യോഗിക പാർട്ടി രേഖകളിൽ ഇത്തരം പരാമർശങ്ങൾ ഒരിടത്തുമില്ലെന്നതാണ് യാഥാർത്ഥ്യം.
തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയത്തിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതായി സംസ്ഥാന കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലെ ഖണ്ഡിക 7.3 വ്യക്തമാക്കുന്നുണ്ട്. സ്ഥാനാർഥി നിർണയത്തിലെ വീഴ്ച കണ്ണൂർ ജില്ലാ കമ്മിറ്റി സമ്മതിച്ചതാണെന്നും, ജില്ലാ കമ്മിറ്റി നിർദേശിച്ച പേരുകൾക്ക് അംഗീകാരം നൽകിയതിൽ സംസ്ഥാന കമ്മിറ്റിക്കും സംസ്ഥാന സെക്രട്ടേറിയറ്റിനും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർട്ടി ശക്തികേന്ദ്രങ്ങളിൽ വിമതർ വിജയിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലെ ഖണ്ഡിക 38-ൽ പറയുന്നതിങ്ങനെ: ‘പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ഈ 3 പേരും ജയിച്ചതിൽനിന്നു പാർട്ടി പാഠം പഠിക്കണം. പാർലമെന്ററി അവസരവാദം വളരുകയാണ്.
മറ്റൊന്ന്, പാർട്ടി നേതൃത്വവും പ്രവർത്തകരും തമ്മിലുള്ള അകലം വർധിച്ചുവെന്നാണ്. പരമ്പരാഗതമായ ബഹുജന അടിത്തറ ഒലിച്ചുപോകുന്നു.
പാർലമെന്ററി അവസരവാദത്തിനെതിരെ പോരാടുന്നതിനൊപ്പം, നേതാക്കളും അണികളും തമ്മിലുള്ള വിടവ് നികത്തുകയും വേണം.’ വിമതർ വിജയം കൈവരിച്ച കോട്ടകളിൽ നേതൃത്വവും അണികളും തമ്മിലുള്ള ബന്ധം പൂർണ്ണമായും നഷ്ടപ്പെട്ടതായി പാർട്ടി ഔദ്യോഗികമായി കണ്ടെത്തുമ്പോഴാണ് ഇതിനു വിരുദ്ധമായ വാദങ്ങൾ ഉയരുന്നത്. വിമതരുടെ പ്രചാരണങ്ങളിൽ പ്രവർത്തകർ സ്വാധീനിക്കപ്പെട്ടു എന്ന വാദം നിലനിൽക്കുമ്പോൾ തന്നെ, ധർമടത്ത് പിണറായി വിജയന്റെ ഭൂരിപക്ഷം 50123ൽനിന്ന് 19247 വോട്ടായി ഗണ്യമായി കുറഞ്ഞത് എങ്ങനെയെന്ന ചോദ്യവും പാർട്ടിക്ക് ഉള്ളിൽ ശക്തമാണ്.
വരുന്ന സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ടു വെച്ചാണ് വിപുലീകരിച്ച സംസ്ഥാന സമിതി യോഗം ചേരുന്നത്. ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒമ്പത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ യോഗത്തിൽ സന്നിഹിതരായിരിക്കും.
അശോക് ധാവ്ള, കെ.ബാലകൃഷ്ണൻ, യു.വാസുകി, വിജു കൃഷ്ണൻ, ബി.വി.രാഘവുലു, എ.വിജയരാഘവൻ എന്നിവർക്കൊപ്പം പിണറായി വിജയനും എം.വി.ഗോവിന്ദനും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ അവതരിപ്പിക്കേണ്ട
അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്ന് സംസ്ഥാന സമിതി യോഗങ്ങളും വരും ദിവസങ്ങളിൽ ചേരാനാണ് തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

