ഡൽഹി സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന പുതിയ സാമ്പത്തിക സഹായ പദ്ധതിയായ ‘ലക്ഷ്മി യോജന’യുടെ റെക്കറിങ് ഡിപ്പോസിറ്റ് (ആർഡി) അക്കൗണ്ടിന്റെ മെച്യൂരിറ്റി കാലാവധി ഔദ്യോഗികമായി തീരുമാനിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വർഷമായ 2029 ജൂലൈയിലാണ് ഈ നിക്ഷേപ കാലാവധി പൂർത്തിയാകുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് പദ്ധതിക്കായുള്ള റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്. സ്ത്രീകൾക്ക് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങൾക്ക് പുറമേ ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം കൂടി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോക്ക്-ഇൻ കാലാവധിയോടു കൂടിയ ആർഡി നിക്ഷേപം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കിയിരുന്നു.
സ്ത്രീകൾക്ക് പ്രതിമാസം ലഭിക്കുന്ന 2500 രൂപയും നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുന്നതിന് പകരമായാണ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 1000 രൂപ വീതം ബാങ്ക് അക്കൗണ്ടിലും, ബാക്കി 1500 രൂപ ബാങ്കിലെ ആർഡി അക്കൗണ്ടിലേക്കുമാണ് മാറ്റുന്നത്.
ഈ തുകയാണ് 2029 ജൂലൈയിൽ ഗുണഭോക്താക്കൾക്ക് പിൻവലിക്കാൻ സാധിക്കുക. റിസർവ് ബാങ്കും കേന്ദ്രസർക്കാരും ചേർന്ന് അവതരിപ്പിച്ച ‘സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി’ വോലറ്റുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് ഓരോ മാസവും 1000 രൂപ വീതം നൽകുന്നത്.
ശേഷിക്കുന്ന 1500 രൂപ ആർഡി അക്കൗണ്ടിലേക്കും മാറ്റും. മൊത്തം 17 ലക്ഷം വനിതകളെ ലക്ഷ്യമിട്ടാണ് സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളതെങ്കിലും റജിസ്ട്രേഷനായി കർശനമായ നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നവയാണ്:
∙ 21നും 60നും മധ്യേ പ്രായമുള്ള സ്ത്രീകൾക്കാണ് പദ്ധതിക്ക് അർഹതയുള്ളത്.
∙ കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതാ അംഗമായിരിക്കണം അപേക്ഷക.
∙ കുടുംബത്തിന്റെ വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ അധികമാകാൻ പാടില്ല.
∙ അപേക്ഷകയോ ഭർത്താവോ അല്ലെങ്കിൽ മാതാപിതാക്കളോ കുറഞ്ഞത് 10 വർഷമായി ഡൽഹിയിൽ സ്ഥിരതാമസക്കാരായിരിക്കണം.
∙ അപേക്ഷക ഡൽഹിയിലെ വോട്ടർ ആയിരിക്കണം.
∙ കുടുംബത്തിന്റെ പ്രതിവർഷ വൈദ്യുതി ഉപഭോഗം 2400 യൂണിറ്റ് കവിയാൻ പാടില്ല.
∙ അപേക്ഷക മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്നയാൾ ആകരുത്. കൂടാതെ ആദായനികുതി ദായകർ, ജിഎസ്ടി ദായകർ, സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവർക്കും പദ്ധതിയിൽ അയോഗ്യതയുണ്ട്.
∙ അപേക്ഷകയ്ക്കോ കുടുംബത്തിനോ സ്വന്തമായി കാർ ഉണ്ടെങ്കിൽ പദ്ധതിയിൽ ചേരാൻ സാധിക്കില്ല.
∙ മൂന്നിലധികം കുട്ടികളുള്ളവരും ഈ പദ്ധതിക്ക് അയോഗ്യരാണ്.
∙ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾക്കും പദ്ധതിയിൽ പ്രവേശനം ഉണ്ടായിരിക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

