ഡൽഹി: കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
സിപിഐഎം നിലപാട് വ്യക്തമാക്കേണ്ടത് എം.എ. ബേബിയോ എം.വി.
ഗോവിന്ദൻ മാഷോ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫിൽ അടിമയും ഉടമയും തമ്മിലുള്ള ബന്ധമില്ലെന്നും ഉത്തരവാദിത്തങ്ങളും പദവികളും പങ്കുവെക്കലുകൾ മുന്നണിയിൽ അനിവാര്യമാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐയുടെ നിർണായക യോഗം നാളെ ഡൽഹിയിൽ ചേരാനിരിക്കെയാണ് ഈ പ്രതികരണം വന്നിരിക്കുന്നത്. സിപിഐ വളരെ കരുത്തുറ്റ പ്രസ്ഥാനമാണെന്നും പാർട്ടിയുടെ ശക്തി മറ്റാരെയും ബോധ്യപ്പെടുത്തേണ്ട
ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് കൺവീനറുടെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്നും പ്രതിപക്ഷ ഉപനേതൃ പദവി പാർട്ടിക്ക് ലഭിക്കുമെന്നത് കേവലം പ്രതീക്ഷയല്ല, മറിച്ച് ഉറച്ച ബോധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ നേതൃത്വം ഉൾപ്പെടെയുള്ളവർ മികച്ച രാഷ്ട്രീയ ബോധ്യമുള്ളവരാണെന്നും അവർ തങ്ങൾക്ക് അനുകൂലമായി നിലകൊള്ളുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയം പൊതുവെടീലിലിട്ട് അലക്കാൻ സിപിഐ ഒരുക്കമല്ലെന്നും മുന്നണി യോഗത്തിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃപദവി ലഭിച്ചില്ലെങ്കിൽ സിപിഐയുടെ കടുത്ത തീരുമാനം എന്തായിരിക്കും എന്ന ചോദ്യങ്ങൾ ഉയരുന്നതിനിടയാണ് ബിനോയ് വിശ്വം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. സിപിഐഎം – സിപിഐ തർക്കം ഇരുപാർട്ടി നേതാക്കളുടെയും പരസ്യമായ വാക്പോരുകളിലേക്ക് നീങ്ങിയതിനെ തുടർന്നാണ് നാളെ നിർണായക യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
ഡൽഹിയിലെ ദേശീയ ആസ്ഥാനമായ അജോയ് ഭവനിൽ നടക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി. രാജ പങ്കെടുക്കും.
കൂടാതെ കേരളത്തിൽ നിന്നുള്ള മറ്റ് പ്രമുഖ കേന്ദ്രനേതാക്കളും ചർച്ചകളുടെ ഭാഗമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

