അമേരിക്കയിലെ കലിഫോർണിയയിൽ ഉറ്റസുഹൃത്തുക്കളായ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത പൂർണ്ണമായും മാറാതെ യുഎസ് പൊലീസ്.
തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളിൽ ഫൊറൻസിക് പരിശോധനകൾ പുരോഗമിക്കുകയാണ്. പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടൂ എന്നാണ് മിൽപീറ്റസ് പൊലീസിന്റെ നിലപാട്.
സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകക്കുറ്റം ചുമത്തി കസ്റ്റഡിയിൽ എടുത്ത കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബിയെ (32) പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
എന്നാൽ, ഈ ദാരുണമായ കൃത്യത്തിലേക്ക് നയച്ച യഥാർത്ഥ കാരണം എന്താണെന്നത് ബന്ധുക്കൾക്കും വ്യക്തമല്ല. സോഫ്റ്റ്വെയർ എൻജിനീയറായ അനില, ഭർത്താവ് മൂവാറ്റുപുഴ കല്ലൂർക്കാട് കടവൂർ സ്വദേശി ജോബിൻ മാത്യുവിനൊപ്പം നാല് വർഷം മുൻപാണ് യുഎസിലേക്ക് കുടിയേറിയത്.
ഇതിനു മുൻപ് ബെംഗളൂരുവിലായിരുന്നു ജോലി ചെയ്തിരുന്നത്. ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്.
അനിലയുടെ മാതാപിതാക്കളും നിലവിൽ യുഎസിലുണ്ടെങ്കിലും അവർ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ കൗൺസലിങ് ഉൾപ്പെടെയുള്ള നിയമസഹായങ്ങൾ നൽകുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
ഇവർ ഒന്നിച്ചു താമസിച്ചിരുന്ന അപ്പാർട്മെന്റിന്റെ പാർക്കിങ് ഏരിയയിലേക്ക് അഞ്ജനയെ വിളിച്ചുവരുത്തി അനില കാറിടിപ്പിക്കുന്നതിന് ദൃക്സാക്ഷികളുണ്ട്. ഇതിന് തൊട്ടുമുൻപാണ് ഫ്ലാറ്റിനുള്ളിൽ വെച്ച് ആൻ മേരിക്ക് കത്തിക്കുത്തേറ്റത്.
രണ്ട് കൊലപാതകങ്ങളും നടത്തിയത് അനില തന്നെയാണ് എന്ന് വ്യക്തമായെങ്കിലും പൊലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ ബന്ധുക്കളെ നേരിട്ട് ഫോണിൽ വിളിച്ച് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
നോർക്കയുടെ നിർദ്ദേശപ്രകാരം ആവശ്യമായ വീസ, പാസ്പോർട്ട് വിവരങ്ങൾ ബന്ധുക്കൾ കൈമാറിയിട്ടുണ്ട്. അമേരിക്കയിലെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

