ജപ്പാനിൽ ദീർഘകാലമായി അനധികൃതമായി താമസിച്ചു വന്ന ദക്ഷിണ കൊറിയൻ പൗരൻ പിടിയിൽ. വെറും പതിനഞ്ച് ദിവസത്തെ താമസാനുമതിയോടെ 1993 ൽ ജപ്പാനിൽ എത്തിയ ശേഷം മൂന്ന് പതിറ്റാണ്ടിലേറെയായി രാജ്യത്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ.
72 കാരനായ മുൺ ജോങ് ഗിയെ ഷിസുവോക പ്രിഫെക്ചറിലെ യായ്സുവിൽ നിന്നാണ് ജാപ്പനീസ് പൊലീസ് പിടികൂടിയത്. തന്റെ ഇളയ സഹോദരന്റെ പാസ്പോർട്ട് ഉപയോഗിച്ച് 1993 സെപ്റ്റംബറിൽ ജപ്പാനിൽ പ്രവേശിച്ച ഇയാൾ, അനുവദനീയമായ വീസ കാലാവധി കഴിഞ്ഞിട്ടും മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാൻ തയ്യാറായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മെച്ചപ്പെട്ട വേതനമുള്ള തൊഴിൽ ലക്ഷ്യമിട്ടാണ് ഇയാൾ ജപ്പാനിലേക്ക് എത്തിയത്.
തുടർന്ന് വിവിധ കൂലിപ്പണികളിലും മറ്റ് സാധാരണ തൊഴിലുകളിലും ഏർപ്പെട്ടാണ് ഇയാൾ ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. ഈ വർഷം ജൂണിലാണ് അനധികൃതമായി താമസിക്കുന്ന ഒരാളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.
തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് മുണിനെ കണ്ടെത്താൻ സാധിച്ചത്. ചോദ്യം ചെയ്യലിൽ തനിക്കെതിരെയുള്ള കുറ്റങ്ങൾ ഇയാൾ പൂർണ്ണമായും സമ്മതിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
ഔദ്യോഗിക രേഖകളോ താമസാനുമതിയോ ഇല്ലാതെ ഇത്രയും ദീർഘകാലം ഇയാൾ എങ്ങനെ രാജ്യത്ത് കഴിഞ്ഞു എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. വലിയ തോതിൽ വിദേശികൾ വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തടസ്സമില്ലാതെ തുടർന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഇയാൾ ജപ്പാനിൽ എത്തിയത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 1993 ൽ മാത്രം കാലാവധി കഴിഞ്ഞിട്ടും ജപ്പാനിൽ തുടർന്നവരുടെ എണ്ണം 2,98,646 ആയിരുന്നു. എന്നാൽ മുണിന് അനുവദിക്കപ്പെട്ടിരുന്ന അംഗീകൃത താമസം വെറും 15 ദിവസത്തേക്ക് മാത്രമായിരുന്നു.
ആ സമയപരിധി അവസാനിച്ച ശേഷവും ഇയാൾ നിയമവിരുദ്ധമായി രാജ്യത്ത് തുടരുകയായിരുന്നു. ഇത്രയും നീണ്ട
കാലയളവിൽ ഇയാൾ എവിടെയെല്ലാം ജോലി ചെയ്തുവെന്നോ എവിടെയാണ് താമസിച്ചിരുന്നതെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുൺ ഏകദേശം 33 വർഷത്തോളമായി ജപ്പാനിൽ കഴിയുന്നുണ്ടെങ്കിലും, ഔദ്യോഗിക രേഖകളിൽ 26 വർഷത്തെ അനധികൃത താമസമായാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.
2000 ഫെബ്രുവരിയിൽ ജപ്പാന്റെ കുടിയേറ്റ നിയമങ്ങളിൽ വരുത്തിയ ഭഭേദഗതികൾ നിലവിൽ വന്ന ശേഷമാണ് അനധികൃതമായി രാജ്യത്ത് തങ്ങുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കിത്തുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 1993 ൽ ഇയാളുടെ യഥാർഥ വീസ കാലാവധി അവസാനിച്ച തീയതി കണക്കിലെടുക്കാതെ, 2000 ഫെബ്രുവരി മുതലുള്ള കാലയളവാണ് നിയമപരമായ നടപടികൾക്കായി പരിഗണിച്ചിരിക്കുന്നത്.
പുതിയ കണക്കുകൾ പ്രകാരം 2026 ജനുവരിയിലെ സ്ഥിതി അനുസരിച്ച് ജപ്പാനിൽ ആകെ 68,488 അനധികൃത താമസക്കാരാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

