യുവതീയുവാക്കളുടെ വേഗതയെ വെല്ലുവിളിച്ച് മാരത്തൺ മത്സരത്തിൽ ഉജ്ജ്വല വിജയം നേടി ശ്രദ്ധേയയായിരിക്കുകയാണ് രമാബായി രൺവീർ. പ്രായമോ മറ്റ് പ്രതിബന്ധങ്ങളോ തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് ഈ അമ്മയുടെ നിശ്ചയദാർഢ്യം.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബാജോഗായിൽ നിന്നുള്ള 47 വയസുകാരിയായ രമാബായി രൺവീർ ആണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ഭാരതീയ ശിക്ഷൺ പ്രസാരക് സംസ്ഥയുടെ ഖോലേശ്വർ വിദ്യാഭ്യാസ സമുച്ചയത്തിന്റെ അമൃതമഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മത്സരത്തിലാണ് ഇവർ ഒന്നാമതെത്തിയത്.
സ്പോർട്സ് ഷൂസും ട്രാക്ക് സ്യൂട്ടുമണിഞ്ഞെത്തിയ നിരവധി ചെറുപ്പക്കാരെ പിന്നിലാക്കിയാണ് സാരി ധരിച്ച് ചെരിപ്പില്ലാതെ ഓടി രമാബായി വിജയകിരീടം ചൂടിയത്. മത്സരത്തിലെ സമ്മാനത്തുകയായ 3,000 രൂപ മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കുമെന്ന് അവർ വ്യക്തമാക്കുകയുണ്ടായി.
അംബാജോഗായിൽ നടന്ന മാരത്തൺ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ ആരംഭിച്ച് ഭാഗ്യനഗർ ചൗക്കിലാണ് സമാപിച്ചത്. തുടക്കത്തിൽ ആരുംതന്നെ രമാബായിയെ ശക്തയായ ഒരു എതിരാളിയായി കണക്കാക്കിയിരുന്നില്ല.
എന്നാൽ മത്സരം പുരോഗമിക്കവേ ഓട്ടത്തിനിടയിൽ ചെരിപ്പുകൾ ഊരിപ്പോകാൻ തുടങ്ങി. പിന്മാറാൻ തയ്യാറാകാതിരുന്ന അവർ ചെരിപ്പുകൾ ഊരി കയ്യിൽ പിടിച്ച് വീണ്ടും ഓട്ടം തുടരുകയായിരുന്നു.
സാരി ധരിച്ചും ചെരിപ്പില്ലാതെയുമുള്ള ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് ഒന്നാമതായി ഫിനിഷിങ് ലൈൻ പിന്നിട്ട രമാബായിയെ കാണികളും സംഘാടകരും വലിയ ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.
മക്കളുടെ വിദ്യാഭ്യാസത്തോടുള്ള അവരുടെ ആഴത്തിലുള്ള അർപ്പണബോധത്തെയും ആഗ്രഹത്തെയും ഏവരും പ്രശംസിച്ചു. ഭർത്താവിന്റെ വിയോഗത്തിന് ശേഷം കുടുംബത്തിന്റെ മുഴുവൻ ഭാരവും രമാബായിയുടെ ചുമലിലാവുകയായിരുന്നു.
അംബാജോഗായിയിലെ വിവിധ വീടുകളിൽ പാചകക്കാരിയായി ജോലി ചെയ്താണ് ഇവർ കുടുംബം പുലർത്തുന്നതും രണ്ട് പെൺമക്കളുടെയും പഠനം മുന്നോട്ട് കൊണ്ടുപോകുന്നതും. ദിവസങ്ങളോളം കഷ്ടപ്പെട്ട് ജോലി ചെയ്താൽ മാത്രം ലഭിക്കുന്ന 3,000 രൂപ സമ്മാനത്തുകയെക്കുറിച്ചറിഞ്ഞാണ് അവർ ഈ മത്സരത്തിൽ പങ്കാളിയാകാൻ തീരുമാനിച്ചത്.
വലിയ തയ്യാറെടുപ്പുകൾ ഒന്നും കൂടാതെ ഇറങ്ങിത്തിരിച്ച ആ അമ്മയുടെ കഠിനാധ്വാനവും ലക്ഷ്യബോധവും ഒടുവിൽ ചരിത്രവിജയമായി മാറുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

