ലഹരികേസിലെ തൊണ്ടിമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട
മുൻ മന്ത്രിയും എം.എൽ.എയുമായ ആൻറണി രാജു സമർപ്പിച്ച അപ്പീൽ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് മൂന്നു വർഷം തടവും 10,000 രൂപ പിഴയുമാണ് ഈ കേസിൽ ശിക്ഷ വിധിച്ചിരുന്നത്.
വിചാരണക്കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. ഈ കേസിൽ ശിക്ഷാവിധി വന്നതിനെ തുടർന്നുണ്ടായ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അയോഗ്യത കാരണം ആൻറണി രാജുവിന് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിച്ചിരുന്നില്ല.
അയോഗ്യത നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ ഉത്തരവ് ലഭിച്ചിരുന്നില്ല. ഹൈക്കോടതി വിചാരണക്കോടതിയുടെ വിധിയിൽ ഇടപെടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം സെഷൻസ് കോടതിയെ സമീപിച്ചത്.
കേസിനാസ്പദമായ സംഭവം നടക്കുന്നത് 1990 ഏപ്രിലിലാണ്. അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് ആസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദോർ സർവലി പിടിയിലാകുകയായിരുന്നു.
അന്നത്തെ കേസിൽ പ്രതിഭാഗം അഭിഭാഷകനായ കല്ലൂർ സൻഫാറിന്റെ ജൂനിയറായിരുന്നു ആന്റണി രാജു. വിചാരണക്കോടതി പ്രതിയായ ആൻഡ്രൂ സാൽവദോറിനെ 10 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും, അപ്പീൽ നൽകിയ പ്രതി തൊണ്ടിമുതലായ അടിവസ്ത്രം തന്റെ ശരീര അളവിന് ചേരുന്നതല്ലെന്ന് കോടതിയിൽ വാദിക്കുകയുണ്ടായി.
തുടർന്ന് ഹൈക്കോടതി പ്രതിയെ വെറുതെവിടുകയായിരുന്നു. പിന്നീട് കോടതി സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചാണ് അഭിഭാഷകൻ പ്രതിയെ രക്ഷപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
തൊണ്ടിമുതലിൽ മാറ്റം വരുത്തിയെന്നാരോപിച്ച് 1994-ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ 2006-ലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഈ നിയമനടപടികളുടെ തുടർച്ചയായാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി തടവും പിഴയും വിധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

