മണിപ്പുരിൽ സെൻസസ് നടപടികൾ താൽക്കാലികമായി മാറ്റിവയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്.
ദേശീയ പൗരത്വ റജിസ്റ്റർ നടപ്പാക്കും മുൻപ് സംസ്ഥാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സെൻസസ് നടപടികൾ മാറ്റിവയ്ക്കണമെന്ന ആവശ്യം യോഗത്തിൽ വിശദമായി ചർച്ച ചെയ്യുകയുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ മണിപ്പുർ ഗവർണർ അജയ് കുമാർ ഭല്ല, മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിങ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
മണിപ്പുരിലെ ജനങ്ങളുടെ വികാരം കണക്കിലെടുത്ത് നിർദിഷ്ട സെൻസസ് നടപടികൾ താൽക്കാലികമായി മാറ്റിവയ്ക്കാൻ തീരുമാനമായി എന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്.
ജനങ്ങളെ കേട്ടതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ഉൾപ്പെടെയുള്ള മറ്റ് കേന്ദ്ര നേതാക്കൾ എന്നിവർക്ക് നന്ദി പറയുന്നതായി മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിങ് വ്യക്തമാക്കി. ദേശീയ പൗരത്വ റജിസ്റ്റർ പൂർത്തിയാക്കാതെ സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ മണിപ്പുരിൽ വലിയ തോതിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.
എൻആർസി ഇല്ലാതെ സെൻസസ് നടപ്പിലാക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് മെയ്തേയ്, നാഗാ വിഭാഗങ്ങൾ വ്യക്തമാക്കിയപ്പോൾ, കുക്കി വിഭാഗം ഇതിന് തികച്ചും വിപരീതമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

