സിന്ധു നദീജലക്കരാർ ഇന്ത്യ റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും കരാറിലെ വ്യവസ്ഥകൾ ഇന്ത്യ പാലിക്കണമെന്നുമുള്ള കോർട്ട് ഓഫ് ആർബിട്രേഷന്റെ (സിഒഎ) വിധി തള്ളിക്കളഞ്ഞ് ഇന്ത്യ രംഗത്ത്. നിയമവിരുദ്ധമായി രൂപീകരിക്കപ്പെട്ടതാണ് സിഒഎ എന്നും രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാൻ അവർക്ക് യാതൊരു അധികാരവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തിങ്കളാഴ്ച പുറപ്പെടുവിച്ച വിധിയാണ് ഇന്ത്യ ഔദ്യോഗികമായി തള്ളിയത്. കോടതിയുടെ ഈ നടപടി ഇന്ത്യയുടെ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും സിന്ധു നദീജലക്കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവർത്തിച്ചു.
‘നിയമവിരുദ്ധമായി രൂപീകരിക്കപ്പെട്ട കോർട്ട് ഓഫ് ആർബിട്രേഷൻ സിന്ധു നദീജലക്കരാറിന്റെ അവസ്ഥയെക്കുറിച്ച് ഇന്ന് ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ്.
നിയമവിരുദ്ധമായി ലോകബാങ്ക് രൂപീകരിച്ചതാണ് ഈ കോർട്ട്. അത് പുറപ്പെടുവിച്ച വിധിയെ ഇന്ത്യ തള്ളിക്കളയുന്നു.
ഇന്നത്തെയും ഇനി ഭാവിയിലുണ്ടാകുന്ന വിധികളും ഇന്ത്യയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല. സിന്ധു നദീജലക്കരാർ താൽക്കാലികമായി റദ്ദാക്കിയ നടപടിയിൽ മാറ്റമില്ല.’– വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ കോടതിയെ ഒരിക്കലും ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാണ് കോടതി രൂപീകരിച്ചിട്ടുള്ളതെന്നും രാജ്യം കൂട്ടിച്ചേർത്തു. ഈ കോടതിക്ക് മുന്നിൽ ഒരിക്കലും ഇന്ത്യ ഹാജരാകുകയോ അത് നേരത്തേ പുറപ്പെടുവിച്ച വിധികൾ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കരാറിന്റെ നിലവിലെ അവസ്ഥയും കരാർ റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനവും വിശദമായി പരിശോധിച്ചെന്നാണ് കോർട്ട് ഓഫ് ആർബിട്രേഷൻ തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അവകാശപ്പെട്ടത്. കരാർ റദ്ദാക്കാനുണ്ടായ സാഹചര്യം പരിശോധിച്ചെന്നും കരാർ പ്രകാരമുള്ള ഉത്തരവാദിത്തങ്ങൾ ഇന്ത്യ പാലിക്കണമെന്നും വിധിയിൽ പരാമർശിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

