സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന നടപടികൾ വൈകുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് തലത്തിൽ ചർച്ചകൾ ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിൽ, നിലവിലുള്ള അധ്യക്ഷൻ തന്നെ സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാൻ കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി വരുന്ന മാസം മൂന്നാം തീയതി തിരുവനന്തപുരം ഇന്ദിരാ ഭവനില്‍ രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗത്തിന് ശേഷം മൂന്ന് വർക്കിങ് പ്രസിഡന്റുമാരെയും ഒപ്പം കൂട്ടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സന്ദർശനം നടത്തും.
ഇതിന് പിന്നാലെ കെപിസിസി ഭാരവാഹികളുടെയും വിവിധ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റുമാരുടെയും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കെപിസിസി ജനറൽ ബോഡി യോഗം വിളിച്ചുചേർക്കുന്നതും സജീവ പരിഗണനയിലുണ്ട്.
ഇനി മുതൽ തിരുവനന്തപുരത്ത് ഉണ്ടാകുന്ന എല്ലാ ദിവസങ്ങളിലും രാവിലെ കൃത്യം ഒമ്പത് മണിക്ക് തന്നെ കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അധ്യക്ഷനെ എത്രയും പെട്ടെന്ന് തീരുമാനിക്കാത്തതിൽ പാർട്ടിയിലെ ചില നേതാക്കൾക്ക് ഇതിനോടകം തന്നെ കടുത്ത അതൃപ്തിയുണ്ട്.
അതേസമയം, പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ ഉണ്ടാകുന്നതാണ് എപ്പോഴും നല്ലതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. സംഘടനയുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങളും സർക്കാരിന്റെ ചുമതലകളും ഒരുപോലെ കൊണ്ടുപോകുന്നവരാണ് അധികവും. ഒരാള്‍ക്ക് ഒരു ചുമതല എന്ന രീതിയാണ് ഏറ്റവും നല്ലതെന്ന് മന്ത്രിമാരെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള ഹൈക്കമാന്‍ഡിന്റെ തീരുമാനം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് താൻ ഇപ്പോൾ കൂടുതൽ സജീവമാകേണ്ടി വരുന്നത്. സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള ആദ്യ നാളുകളിൽ സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട
ചില അത്യാവശ്യ തിരക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. അതിനാൽ പാർട്ടി കാര്യങ്ങളിൽ മുഴുവന്‍ സമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചിരുന്നില്ലെന്നത് യാഥാർത്ഥ്യമാണ്.
ഈ തിരക്കുകൾക്കിടയിലും കേന്ദ്ര സർക്കാരിനെതിരെ രണ്ട് വലിയ സമരങ്ങൾ വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു. പുതിയ അധ്യക്ഷൻ ചുമതലയേൽക്കുന്നത് വരെ താൻ കുറച്ചുകൂടി സജീവമായി രംഗത്തുണ്ടാകണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതുകൊണ്ടാണ് രാഷ്ട്രീയകാര്യ സമിതി യോഗം തന്നെ ഇപ്പോൾ വിളിച്ചുചേർത്തത്.
പുതിയ അധ്യക്ഷൻ എപ്പോഴാണ് ചുമതലയേൽക്കേണ്ടത് എന്ന് സമയം നിശ്ചയിക്കേണ്ടത് സംസ്ഥാന നേതൃത്വമല്ലെന്നും, ഹൈക്കമാന്‍ഡ് സാവകാശത്തിൽ ആലോചിച്ച് ഉചിതമായ ഒരു പേരിലേക്ക് എത്തിച്ചേരുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

