പ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഇന്നലെ വൻ ജനത്തിരക്ക്. ഒറ്റ ദിവസത്തിനുള്ളിൽ 367 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 23ന് 416 വിവാഹങ്ങൾ നടന്നതിന് തൊട്ടുപിന്നാലെയാണ് ഇത്രയധികം ചടങ്ങുകൾക്ക് ഇന്നലെ വേദി ഒരുങ്ങിയത്. പുലർച്ചെ 4.10 മുതൽ ആറ് കല്യാണ മണ്ഡപങ്ങളിലായി മംഗളകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു.
രാവിലെ 11.10ഓടെ 362 വിവാഹങ്ങളുടെ ചടങ്ങുകൾ പൂർത്തിയായി. തുടർന്ന് ഉച്ചപ്പൂജയ്ക്കായി നട
തുറന്നതോടെ ആകെ വിവാഹങ്ങളുടെ എണ്ണം 367 ആയി ഉയരുകയായിരുന്നു. വിവാഹച്ചടങ്ങുകൾ യാതൊരു തടസ്സവുമില്ലാതെ ക്രമീകരിക്കുന്നതിനായി ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ, ടെംപിൾ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയപ്രദീപ്, സെക്യൂരിറ്റി സൂപ്പർവൈസർ എസ്.സുബ്രഹ്മണി, സൂപ്പർവൈസർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കർശനമായ ആസൂത്രണമാണ് നടപ്പിലാക്കിയത്.
ഓണം അവധിയുടെ അവസാന ദിനമായതിനാൽ ഇന്നലെ ദർശനത്തിനായും വൻ തോതിൽ ഭക്തജനങ്ങൾ എത്തിച്ചേർന്നിരുന്നു. ഈ തിരക്കുകൾ സുഗമമായി നിയന്ത്രിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ദേവസ്വം നൂറിലേറെ സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരുന്നത്.
ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, പിആർഒ വിമൽ ജി.നാഥ്, അസി.മാനേജർ സി.ആർ.ലൈജുമോൾ എന്നിവരുടെ നേതൃത്വത്തിലാണ് തിരക്ക് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

