സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പുതിയ യാത്രാ പദ്ധതികളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ രംഗത്ത്. സെപ്റ്റംബർ മാസത്തിൽ അന്തർ സംസ്ഥാന യാത്രകൾ ഉൾപ്പെടെയുള്ള വിപുലമായ പാക്കേജുകളാണ് യാത്രാപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്.
ഇതിൽ ഗോവയിലേക്കുള്ള ദീർഘദൂര യാത്രയാണ് ഏറ്റവും പ്രധാന ആകർഷണം. സെപ്റ്റംബർ 18നു വൈകിട്ട് 5.30നു കണ്ണൂർ ഡിപ്പോയിൽനിന്നു യാത്ര ആരംഭിക്കും.
തുടർന്ന് തലപ്പാടിയിൽനിന്ന് ആഡംബര എസി ബസിലാണ് ഗോവയിലേക്കുള്ള യാത്ര തുടരുക. 21നു രാവിലെ 9നു തിരിച്ചെത്തുന്ന ഈ പാക്കേജിന് 7030 രൂപയാണ് ഈടാക്കുന്നത്.
വിശുദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും കാഴ്ചകൾക്കായി നിരവധി തീർഥാടന-വിനോദയാത്രകളും ഈ മാസമുണ്ട്. ആറന്മുള വള്ളസദ്യ ഉൾക്കൊള്ളിച്ചുള്ള പാക്കേജ് 4, 5, 8, 12, 15 തീയതികളിൽ നടക്കും.
രാവിലെ 6.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ചോറ്റാനിക്കര, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ചെങ്ങന്നൂരിൽ താമസിക്കും. രണ്ടാമത്തെ ദിവസം പഞ്ച പാണ്ഡവ ക്ഷേത്രങ്ങൾ, കവിയൂർ ഗുഹാക്ഷേത്രം, മണ്ണാറശാല, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി മൂന്നാമത്തെ ദിവസം രാവിലെ തിരിച്ചെത്തും.
പഞ്ച പാണ്ഡവ ക്ഷേത്രത്തിൽ ഉൾപ്പെടുന്ന ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലാണ് വള്ളസദ്യ ഒരുക്കിയിട്ടുള്ളത്. വള്ളസദ്യയും ബസ് ചാർജ് ഉൾപ്പെടെ ഒരാൾക്ക് 2700 രൂപയാണ് നിരക്ക്.
കൂടാതെ, നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന മനോഹര കാഴ്ച ആസ്വദിക്കാൻ മൂന്നാർ – കാന്തല്ലൂർ പാക്കേജും ഒരുക്കിയിട്ടുണ്ട്. 11, 25 തീയതികളിൽ രാത്രി 8നു പുറപ്പെടുന്ന ഈ പാക്കേജിൽ മറയൂർ, കാന്തല്ലൂർ മേഖലകളിലെ സഞ്ചാരവും ഉൾപ്പെടുന്നു.
നെല്ലിയാമ്പതി – കൊല്ലങ്കോട് യാത്രയ്ക്കായി 11, 25 തീയതികളിൽ രാത്രി 9നു കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 14, 28 തീയതികളിൽ രാവിലെ 5നു കണ്ണൂരിലെത്തുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. ഭക്തർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ ക്യൂ നിൽക്കാതെ ഗുരുവായൂരപ്പനെ തൊഴാനുള്ള അവസരവും ഈ മാസം ലഭ്യമാക്കിയിട്ടുണ്ട്.
5, 23 തീയതികളിൽ രാവിലെ 7നു പുറപ്പെടുന്ന ഈ യാത്രയിൽ കൊല്ലം പിഷാരികാവ് ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തും. പുന്നത്തൂർ കോട്ട
ആനത്താവളം സന്ദർശിച്ചു അന്നേ ദിവസം ഗുരുവായൂരിൽ താമസിക്കും. തുടർന്ന് പുലർച്ചെ 4നാണ് പ്രത്യേകം ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
തുടർന്ന് തൃപ്രയാർ, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ ദർശനം നടത്തി 7നു തിരിച്ചെത്തും. പ്രസിദ്ധമായ മൂകാംബിക-കുടജാദ്രി തീർഥാടനത്തിനായി 11, 25 തീയതികളിൽ രാത്രി 8നു കണ്ണൂരിൽ നിന്ന് പുറപ്പെടും. പുലർച്ചെ 4നു മൂകാംബിക നിർമാല്യ ദർശനത്തിന് ശേഷം 7നു കുടജാദ്രിയിലേക്ക് ജീപ്പിൽ യാത്ര തിരിക്കും.
ഉച്ചയ്ക്ക് 2നു മുരുഡേശ്വർ സന്ദർശിച്ച് വൈകിട്ട് 7നു കൊല്ലൂരിൽ തിരിച്ചെത്തും. രണ്ടാമത്തെ ദിവസം രാവിലെ 6നു പുറപ്പെട്ടു സാലിഗ്രാം, മധൂർ, അനന്തപുര ക്ഷേത്രങ്ങൾ ദർശനം നടത്തി വൈകിട്ട് 5നു ബേക്കൽ കോട്ട
സന്ദർശിച്ച് രാത്രി 8നു കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. പ്രകൃതിരമണീയമായ വാഗമൺ-ഇലവീഴാപൂഞ്ചിറ സന്ദർശനത്തിനായി 18നു രാത്രി 8നു കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 21നു രാവിലെ 8നു തിരിച്ചെത്തുന്ന യാത്രാ പദ്ധതിയും തയ്യാറാണ്.
വാഗമൺ, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മലങ്കര ഡാം എന്നിവ ഈ യാത്രയിൽ സന്ദർശിക്കും. നൂൽ മഴയ്ക്കു പ്രശസ്തമായ റാണിപുരം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായതിനാൽ 6, 20 തീയതികളിൽ രാവിലെ 6നു കണ്ണൂരിൽ നിന്നും റാണിപുരം–ബേക്കൽ ഫോർട്ട് യാത്ര പുറപ്പെടും.
ട്രെക്കിങ്ങിനു ശേഷം വൈകിട്ട് ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് ആൻഡ് പാർക്ക് എന്നിവ സന്ദർശിച്ചു രാത്രി 9നു തിരിച്ചെത്തും. പൈതൽമല ട്രെക്കിങ്, വെള്ളച്ചാട്ടത്തിൽ രണ്ടു മണിക്കൂർ ചെലവഴിക്കൽ, പാലക്കയം തട്ട് സന്ദർശനം എന്നിവ ഉൾക്കൊള്ളുന്ന പൈതൽമല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം പാക്കേജ് 13, 27 തീയതികളിൽ രാവിലെ 6.30നു പുറപ്പെട്ട് രാത്രി 9നു തിരിച്ചെത്തും.
നിലമ്പൂർ ടൂറിനായി തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്, ഗ്ലാസ് ബ്രിജ് എന്നിവ സന്ദർശിക്കുന്ന പാക്കേജ് 6, 12, 20, 27 തീയതികളിൽ രാവിലെ 5.30നു കണ്ണൂരിൽനിന്നു പുറപ്പെട്ട് രാത്രി 12നു തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 94970 07857, 80894 63675.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

