ഉത്പന്നങ്ങളുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ശക്തമായതിനെ തുടർന്ന് രാജ്യത്ത് സവാള വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തുന്നു. നിലവിൽ ചില്ലറ വിപണിയിൽ സവാള വില കിലോയ്ക്ക് 60 മുതൽ 80 രൂപ വരെയായാണ് ഉയർന്നിരിക്കുന്നത്.
മൊത്ത വിപണിയിലാകട്ടെ വില 35 മുതൽ 40 രൂപ വരെയായി എത്തിനിൽക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിൽ മൊത്തവ്യാപാര വിപണിയിൽ സവാള വില കിലോയ്ക്ക് 20 രൂപയിൽ താഴെയായിരുന്നു.
വിപണിയിൽ അനുഭവപ്പെടുന്ന ലഭ്യതയിലെ വലിയ കുറവാണ് വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. രാജ്യത്തെ പ്രധാന വിപണികളിലൊന്നായ പുണെയിലെ എപിഎംസി മാർക്കറ്റിലേക്ക് ദിവസേന 125 ട്രക്ക് സവാള എത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 50 ട്രക്കുകൾ മാത്രമാണ് എത്തുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി കരുതൽ ശേഖരത്തിൽ നിന്നും സവാള പൊതുവിപണിയിലേക്ക് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡൽഹിയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിൽപന നടത്താനാണ് ശ്രമം നടക്കുന്നത്.
മഹാരാഷ്ട്രയിലെ ബഫർ സ്റ്റോക്കിൽ നിന്ന് 800 ടൺ സവാളയുമായി കാന്താ എക്സ്പ്രസ് ട്രെയിൻ ഡൽഹിയിലേക്ക് പുറപ്പെടുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയ സെക്രട്ടറി നിധി ഖരെ വ്യക്തമാക്കി. തലസ്ഥാനത്തിന് പുറമെ കൊച്ചി, ചെന്നൈ, മധുര, ഗുവഹാത്തി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും കാന്താ എക്സ്പ്രസ് സർവീസ് നടത്തുമെന്നും അവർ അറിയിച്ചു.
മറുഭാഗത്ത് അയൽരാജ്യമായ പാക്കിസ്ഥാനിലും സവാള വില റെക്കോർഡ് ഉയരത്തിലാണ്. മുൻപ് കിലോയ്ക്ക് 110-150 പാക്കിസ്ഥാനി രൂപയായിരുന്ന വില നിലവിൽ കറാച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ 150-180 രൂപയായാണ് വർധിച്ചിരിക്കുന്നത്.
നിലവിൽ ബലൂചിസ്ഥാൻ മേഖലയിൽ നിന്നുള്ള സവാള മാത്രമാണ് പാക്കിസ്ഥാൻ വിപണിയിൽ എത്തുന്നത്. സിന്ധ് പ്രവിശ്യയിൽ നിന്നുള്ള വിളവെടുപ്പ് എത്തിത്തുടങ്ങാൻ ഒക്ടോബർ മാസം ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുൻകാലങ്ങളിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് സവാള ഇറക്കുമതി ചെയ്തുകൊണ്ടാണ് പാക്കിസ്ഥാൻ ഇത്തരം പ്രതിസന്ധികളെയും വിലക്കയറ്റത്തെയും നേരിട്ടിരുന്നത്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അതിർത്തികൾ മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ അഫ്ഗാനിൽ നിന്നുള്ള സവാള ഉൾപ്പെടെയുള്ള ഒരു ഭക്ഷ്യവസ്തുക്കളും ഇപ്പോൾ പാക്കിസ്ഥാനിലേക്ക് എത്തുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

