പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമായ ടെലിഗ്രാം പുതിയ ചുവടുവെയ്പ്പിനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് സ്വന്തം പേരിലുള്ള വെബ് വിലാസങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സിന് ടെലിഗ്രാം ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചു.
വ്യക്തിഗത വെബ് ഡൊമെയ്ൻ സംവിധാനത്തിനായി ‘ഡോട്ട് ഗ്രാം’ (Dot Gram) ടോപ്പ് ലെവൽ ഡൊമെയ്ൻ സ്വന്തമാക്കാനാണ് ഈ നീക്കം. അപേക്ഷയ്ക്ക് അനുമതി ലഭിക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് അവരുടെ ടെലിഗ്രാം യൂസർനെയിമിനെ അടിസ്ഥാനമാക്കി ‘യുവർനെയിം.ഗ്രാം’ എന്ന രീതിയിലുള്ള വ്യക്തിഗത വെബ് വിലാസങ്ങൾ സ്വന്തമാക്കാൻ സാധിക്കും.
കൂടാതെ, ടെലിഗ്രാമിലൂടെ തന്നെ ഹോസ്റ്റ് ചെയ്യുന്ന ഇന്ററാക്ടീവ് വെബ്സൈറ്റുകൾ നിർമിക്കാനുള്ള അവസരവും ഇതുവഴി തുറക്കുമെന്നാണ് സൂചന. ടെലിഗ്രാം സ്ഥാപകൻ പാവൽ ദുരോവ് എക്സിൽ പങ്കുവെച്ച വിവരങ്ങളിലാണ് ഡോട്ട് ഗ്രാം ഡൊമെയ്നിനായി ഐകാനിൽ അപേക്ഷ നൽകിയതായി വ്യക്തമാക്കിയത്.
ഒരു പ്രോംപ്റ്റ് മാത്രം ഉപയോഗിച്ച് ഇന്ററാക്ടീവ് വെബ്സൈറ്റുകൾ സജ്ജീകരിക്കാനുള്ള സംവിധാനവും കമ്പനിയുടെ പരിഗണനയിലുണ്ട്. എങ്കിലും, ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കും, വെബ്സൈറ്റുകൾ സൃഷ്ടിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമായിരിക്കും, ഡൊമെയ്നുകൾ എപ്പോൾ ലഭ്യമാകും തുടങ്ങിയ കാര്യങ്ങളിൽ കമ്പനി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
നിലവിൽ സ്വകാര്യ സന്ദേശങ്ങൾക്കൊപ്പം ചാനലുകൾ, ബോട്ടുകൾ തുടങ്ങിയ സംവിധാനങ്ങളാണ് ടെലിഗ്രാം നൽകുന്നത്. ഡോട്ട് ഗ്രാം ഡൊമെയ്ൻ യാഥാർത്ഥ്യമായാൽ, മെസേജിങ് സേവനങ്ങൾക്ക് അപ്പുറം വെബ്സൈറ്റ് പ്രസിദ്ധീകരണ രംഗത്തേക്കും ടെലിഗ്രാം സാന്നിദ്യം വ്യാപിപ്പിക്കും.
എന്നിരുന്നാലും, അപേക്ഷ നൽകിയെന്ന് കരുതി ഡോട്ട് ഗ്രാം ഡൊമെയ്ൻ ഉടൻ ലഭ്യമാകില്ല. ഐകാന്റെ സാങ്കേതിക, സാമ്പത്തിക പരിശോധനകൾക്കും മറ്റ് അവലോകന നടപടികൾക്കും ശേഷം മാത്രമെ അപേക്ഷയിൽ അന്തിമ തീരുമാനമുണ്ടാകൂ.
കഴിഞ്ഞ ജൂലൈയിൽ ടെലിഗ്രാമിന്റെ ടിഎംഇ ലിങ്കുകൾക്ക് തടസം നേരിട്ടിരുന്നു. ഡോട്ട് എംഇ ഡൊമെയ്ൻ കൈകാര്യം ചെയ്യുന്ന രജിസ്ട്രാർ ഡൊമെയ്ൻ പ്രവർത്തനരഹിതമാക്കിയതിനെ തുടർന്നായിരുന്നു ഇത്.
ഡോട്ട് ഗ്രാം അംഗീകരിക്കപ്പെട്ടാൽ, വെബ് വിലാസങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ കമ്പനിക്ക് കൂടുതൽ നിയന്ത്രണം കൈവരിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

