ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) കർശനമായ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഇത്തരം ഉൽപ്പന്നങ്ങൾക്ക് ‘റെഡ് വാണിങ്’ അടയാളം നിർബന്ധമാക്കിയിട്ടുണ്ട്.
അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഉപഭോക്താക്കൾക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. പാക്കറ്റിന്റെ മുൻവശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്സഗൻ ആകൃതിയിലാണ് ഈ മുന്നറിയിപ്പ് നൽകേണ്ടത്.
ഐസിഎംആർ-എൻഐഎൻ പുറത്തിറക്കിയ 2024ലെ ഡയറ്ററി മാർഗരേഖകൾ അടിസ്ഥാനമാക്കിയായിരിക്കും ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവയുടെ ഉയർന്ന അളവ് നിർണ്ണയിക്കുന്നത്. ശീതളപാനീയങ്ങളിലടക്കം ഉയർന്ന അളവിൽ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവയുണ്ടെങ്കിൽ ‘റെഡ് വാണിങ്’ ഉൾപ്പെടുത്താൻ നിർദേശം നൽകിയതായി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എഫ്എസ്എസ്എഐ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണയായി പാക്കറ്റിൽ പോഷക വിവരങ്ങൾ നൽകുന്ന അക്ഷരങ്ങളെക്കാൾ ഒരു പോയിന്റ് വലിയ അക്ഷരത്തിലായിരിക്കണം ഈ മുന്നറിയിപ്പ് രേഖപ്പെടുത്തേണ്ടത്. ഭക്ഷ്യ കമ്പനികൾക്ക് ഉൽപന്നങ്ങളുടെ ചേരുവകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഉപഭോക്താക്കൾക്ക് പുതിയ മാറ്റവുമായി പൊരുത്തപ്പെടാനും സമയം അനുവദിക്കുന്നതിന്റെ ഭാഗമായി ഇത് ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുക.
അതേസമയം, നെയ്, പാചകയെണ്ണ, ഉപ്പ്, പഞ്ചസാര, ശർക്കര, തേൻ തുടങ്ങിയ പാക്കറ്റ് ഉൽപന്നങ്ങളെ ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രകൃതിദത്തമായി കൊഴുപ്പോ മധുരമോ ഉപ്പോ കൂടുതലുള്ള ഒറ്റ ചേരുവ ഉൽപന്നങ്ങൾക്കാണ് ഈ ഇളവ് ബാധകമാക്കിയിട്ടുള്ളത്.
മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച സുപ്രീംകോടതി ‘ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാരിന് താൽപര്യമില്ലേ’ എന്നു ചോദിച്ച് മുൻപ് എഫ്എസ്എസ്എഐയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

