മംഗളൂരു റെയിൽവേ മേഖല പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെടുത്തി മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് സതേൺ റെയിൽവേ ZRUCC അംഗം അഡ്വ. ടി ഹരികൃഷ്ണൻ രംഗത്ത്.
ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം റെയിൽവേ മന്ത്രാലയത്തിന് ഔദ്യോഗികമായി കത്ത് സമർപ്പിച്ചു. മംഗളൂരുവിന്റെയോ കർണാടകയുടെയോ വികസനത്തെ എതിർക്കുന്ന നിലപാടല്ല തനിക്കുള്ളതെന്നും എന്നാൽ ഒരു പ്രദേശത്തിന്റെ വികസനം മറ്റൊരു പ്രദേശത്തെ റെയിൽവേ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന രീതിയിലാകരുതെന്നുമാണ് അദ്ദേഹം കത്തിലൂടെ വ്യക്തമാക്കിയത്.
പതിറ്റാണ്ടുകളായി പാലക്കാട് ഡിവിഷന്റെ പ്രവർത്തന സംവിധാനത്തിന്റെ ഭാഗമാണ് മംഗളൂരു മേഖല. ഇതിന്റെ മാറ്റം പാലക്കാട് ഡിവിഷന്റെ സാമ്പത്തിക-പ്രവർത്തന ശേഷിയെയും മലബാറിന്റെയും വടക്കൻ കേരളത്തിന്റെയും ഭാവി റെയിൽവേ വികസനത്തെയും ബാധിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് കട്ടിൽ ആവശ്യപ്പെടുന്നു.
സേലം ഡിവിഷൻ രൂപീകരണത്തോടെ പാലക്കാട് ഡിവിഷന്റെ വലിയൊരു ഭാഗം നേരത്തെ തന്നെ വേർപെടുത്തിയിരുന്നു. പാലക്കാട് വാഗൺ നിർമ്മാണ ഫാക്ടറി ഉൾപ്പെടെയുള്ള പ്രധാന വികസന പ്രതീക്ഷകൾ ഇതുവരെ യാഥാർഥ്യമായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് സമർപ്പിച്ചിരിക്കുന്നത്.
മംഗളൂരു മേഖല മാറ്റുന്നതിലൂടെ പാലക്കാട് ഡിവിഷനുണ്ടാകുന്ന വരുമാന-പ്രവർത്തന നഷ്ടം സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ റെയിൽവേ ബോർഡ് വ്യക്തമാക്കണം. കൂടാതെ യാത്രക്കാരുടെ സൗകര്യം, ട്രെയിൻ സർവീസുകൾ, ചരക്ക് ഗതാഗതം, ജീവനക്കാരുടെ താൽപര്യങ്ങൾ എന്നിവയിലുള്ള ആഘാതവും ബോർഡ് പരിശോധിക്കണം.
ഭരണം മാറിയേ തീരൂ എന്ന നിലപാടാണെങ്കിൽ, പാലക്കാട് ഡിവിഷനെ ശക്തിപ്പെടുത്തുന്നതിനും മലബാറിന്റെയും വടക്കൻ കേരളത്തിന്റെയും റെയിൽവേ വികസനം ഉറപ്പാക്കുന്നതിനുമായി വ്യക്തമായതും സമയബന്ധിതവുമായ വികസന പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തിൽ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

