ഗോവയിൽ പ്രമുഖ കസിനോ ഗ്രൂപ്പ് ഡയറക്ടർക്ക് നേരെ അജ്ഞാതരുടെ വെടിവെപ്പ്. പോർവോറിമിലുള്ള മജസ്റ്റിക് പ്രൈഡ് ഹോട്ടലിന് മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ആക്രമണത്തിൽ മജസ്റ്റിക് പ്രൈഡ് ഡയറക്ടർ ശ്രീനിവാസ് നായിക് പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കസിനോയിൽ നിന്നും പുറത്തിറങ്ങി തന്റെ വാഹനത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് നേരെ വധശ്രമം ഉണ്ടായത്.
ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേരാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം, ശ്രീനിവാസ് നായികിന്റെ അംഗരക്ഷകർ പെട്ടെന്ന് തന്നെ ജാഗ്രത പാലിക്കുകയും അക്രമികൾക്ക് നേരെ തിരികെ വെടിയുതിർക്കുകയുമായിരുന്നു.
തുടർന്ന് അക്രമികൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾ ഉടൻ പിടിയിലാകുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കിയിട്ടുണ്ട്.
വെടിവെപ്പിന്റെയും അക്രമികൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുന്നതിന്റെയും നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം തന്നെ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.
ബിസിനസ് രംഗത്തെ മുൻകാല തർക്കങ്ങളാണ് ഈ ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ സംഭവത്തിൽ ഔദ്യോഗികമായി കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

