ആഭരണപ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് ഗ്രാമിന് വില 265 രൂപ കുറഞ്ഞ് 14,505 രൂപയിലെത്തി.
പവന് 2120 രൂപ കുറഞ്ഞ് 1,16,040 രൂപയുമായി. കഴിഞ്ഞ 5 ദിവസത്തിനിടെ 4040 രൂപയാണ് പവന് കുറഞ്ഞത്; ഗ്രാമിന് 505 രൂപയും താഴ്ന്നു. സ്വർണവിലയിൽ ഇന്ന് പവന് 2000 രൂപയിൽ കുറയാത്ത ഇടിവുണ്ടാകുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ കെവിൻ വാർഷ് നടത്തിയ പ്രഭാഷണമാണ് വില ഇടിയാൻ പ്രധാന കാരണമായത്. രാജ്യാന്തര സ്വർണവില ഔൺസിന് 4626 ഡോളറിൽ നിന്ന് 4455 ഡോളറിലേക്ക് ഇടിഞ്ഞു.
ഇത് കേരളത്തിലെ വിപണിയെയും നേരിട്ട് സ്വാധീനിച്ചു. യുഎസിൽ തൊഴിൽ വിപണി ദുർബലമാണെങ്കിലും, ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക തൊഴിൽ വിപണിയല്ലെന്നും നിയന്ത്രണമില്ലാതെ കൂടുന്ന പണപ്പെരുപ്പമാണെന്നും കെവിൻ വാർഷ് വ്യക്തമാക്കി.
നിലവിൽ 3.7 ശതമാനമാണ് പണപ്പെരുപ്പം. ഇത് ഇനിയും ഉയരാൻ സാധ്യതയുണ്ട്.
നിശ്ചിത നിയന്ത്രണപരിധിയായ 2 ശതമാനത്തിൽ നിന്ന് പണപ്പെരുപ്പം ഉയർന്നതിനാൽ, അതിനെ പിടിച്ചുകെട്ടാൻ ഫെഡറൽ റിസർവിന് കർശന നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബറിലെ യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് വർദ്ധിപ്പിക്കുമെന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു.
അടിസ്ഥാന പലിശനിരക്ക് ഉയരാനുള്ള സാധ്യത യുഎസ് ഡോളറിനെയും ബോണ്ട് യീൽഡിനെയും ഒരുപോലെ മേലോട്ട് നയിച്ചു. യുഎസ് ഡോളർ ഇൻഡക്സ് 0.52% ഉയർന്ന് 99.68ൽ എത്തി.
10-വർഷ ബോണ്ട് യീൽഡ് 0.043% ഉയർന്ന് 4.717 ശതമാനവുമായി. ഡോളർ കരുത്താർജ്ജിക്കുമ്പോൾ സ്വർണം വാങ്ങുന്നത് സാമ്പത്തികച്ചെലവേറിയതായി മാറുന്നു.
ഇത് ഉപഭോഗതലത്തിലുള്ള ഡിമാൻഡിനെ ബാധിക്കുകയും വിലയിടിവിന് വഴിയൊരുക്കുകയും ചെയ്തു. കൂടാതെ, ബോണ്ട് യീൽഡിൽ നിന്ന് കൂടുതൽ ലാഭം ലഭിക്കുമെന്നത് സ്വർണ നിക്ഷേപങ്ങളുടെ തിളക്കം കെടുത്തുകയും വിറ്റൊഴിയൽ സമ്മർഡം സൃഷ്ടിക്കുകയും ചെയ്തു.
വരും ദിവസങ്ങളിൽ സ്വർണവില ഇനിയും താഴാനാണ് സാധ്യത. ഡോളറും ബോണ്ട് യീൽഡും കൂടുതൽ ഉയരുകയും പലിശഭാരം വർദ്ധിക്കുകയും ചെയ്താൽ സ്വർണവില വീണ്ടും കനത്ത തകർച്ച നേരിട്ടേക്കാം.
രാജ്യാന്തര വിപണിയിൽ ഔൺസിന് 4300 ഡോളർ നിലവാരത്തിലേക്കും, കേരളത്തിൽ പവൻവില 1.10 ലക്ഷം രൂപയിലേക്കും താഴാൻ സാധ്യതയുണ്ട്. എങ്കിലും, വില ഇടിയുമ്പോൾ ലഭ്യമാകുന്ന അവസരം മുതലെടുത്ത് ആഭരണങ്ങൾ വാങ്ങാനുള്ള താൽപ്പര്യം (ബയിങ് ദ ഡിപ്) വർദ്ധിക്കാൻ ഇടയുണ്ട്.
കൂടാതെ, ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വലിയതോതിൽ വാങ്ങിക്കൂട്ടാനും സാധ്യതയുള്ളതിനാൽ ഇത് വലിയ തകർച്ചയ്ക്ക് ഒരുപരിധി വരെ തടയിടും. ഈ വിലയിടിവ് ആഭരണം വാങ്ങാൻ ലക്ഷ്യമിടുന്ന സാധാരണക്കാർക്കും ഉപയോക്താക്കൾക്കും അനുകൂലമാണെങ്കിലും, സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണ്ട് പണം മുടക്കിയവർക്ക് ഇത് തിരിച്ചടിയാണ്.
ആഗ്രഹിച്ച ലാഭം ലഭിക്കാൻ ഇവർക്ക് കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും. അടിയന്തര ആവശ്യങ്ങൾക്കായി സ്വർണം വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യാൻ ശ്രമിക്കുന്നവർക്കും ഈ വിലയിടിവ് നിരാശയാണ് സമ്മാനിക്കുന്നത്.
സംസ്ഥാനത്ത് മറ്റ് വിഭാഗം സ്വർണങ്ങളുടെയും വെള്ളിയുടെയും വിലയിലും മാറ്റമുണ്ടായി. 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 220 രൂപ ഇടിഞ്ഞ് 11,915 രൂപയായി.
14 കാരറ്റ് സ്വർണവില ഗ്രാമിന് 170 രൂപ കുറഞ്ഞ് 9280 രൂപയിലെത്തി. 9 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ താഴ്ന്ന് 5985 രൂപയുമായി.
എന്നാൽ വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 255 രൂപയിൽ തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

