കൊല്ലം ജില്ലയിലെ ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിന് പ്രധാന കാരണം സ്വാഭാവിക നീർച്ചാലുകൾ അടഞ്ഞുപോയതാണെന്ന് വിലയിരുത്തപ്പെടുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഏകദേശം 4 വർഷമായി നീർച്ചാലുകളുടെ ശുചീകരണം നടക്കാത്തതും മറ്റൊരു കാരണമായി പറയുന്നു.
ജില്ലയിലെ വെള്ളക്കെട്ട് പ്രതിരോധത്തിന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അനുവദിച്ച 28.55 കോടി രൂപ കുറവാണെന്നും നാട്ടുകാർ പറയുന്നു. പഴയ ദേശീയപാതയിൽ കലുങ്കുകളും ചെറിയ പാലങ്ങളുമുണ്ടായിരുന്ന സ്ഥലങ്ങളിൽ പലതിലും നീരൊഴുക്ക് നിലച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
സ്വാഭാവികമായ നീരൊഴുക്കിന് സാധ്യമായ പ്രവർത്തനങ്ങൾ വേണമെന്ന് ആവശ്യമുയരുന്നു. ആലപ്പുഴ ജില്ലാ അതിർത്തി മുതൽ ബൈപാസ് വരെയുള്ള ഭാഗത്തിനായാണ് 28.55 കോടി രൂപ അനുവദിച്ചത്.
ദേശീയപാതയുടെ കിഴക്കുഭാഗത്തുള്ള വെള്ളം പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്നില്ലെന്നതാണ് പ്രധാന വിഷയം. നേരത്തെ സ്വാഭാവിക നീർച്ചാലുകളിലൂടെയാണ് കിഴക്കു ഭാഗത്തെ വെള്ളം കടന്നു പോയിരുന്നത്.
ഇതിനായി നിർമിച്ച കലുങ്കുകളും മറ്റും അടഞ്ഞത് പ്രശ്നം കൂടുതൽ സങ്കീർണമാക്കി. അര മണിക്കൂർ തുടർ മഴയിൽ ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെടുമെന്നതാണ് നിലവിലെ സ്ഥിതി.
ഈ വിഷയം ശരിയായി പഠിക്കാനും തുക അനുവദിക്കാനും ആറു മാസം സമയമെടുത്തുവെന്നാണ് മനസ്സിലാക്കുന്നത്. ദേശീയപാത നിർമാണം തുടങ്ങിയ കാലം മുതൽ തന്നെ ഈ വിഷയം നാട്ടുകാർ ഉന്നയിച്ചിരുന്നു.
ദേശീയപാത ഗതാഗത യോഗ്യമാക്കിയ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതാണ് പെട്ടെന്ന് നടപടിയെടുക്കാൻ കേന്ദ്ര റോഡ്–ദേശീയപാത മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. ദേശീയപാതയിൽ പുതിയ അഴുക്കുചാൽ സംവിധാനം നിർമിച്ചിട്ടുണ്ട്.
എന്നാൽ ഈ സംവിധാനം സ്വാഭാവിക നീരൊഴുക്കുകളിലേക്ക് എത്തുന്നില്ലെന്നും പരാതിയുണ്ട്. കൂടാതെ, സർവീസ് റോഡുകളിലേക്ക് ഒഴുകി എത്തുന്ന പ്രളയ ജലം അവിടെ തന്നെ കിടന്ന് ഗതാഗത തടസ്സമുണ്ടാകുന്നുമുണ്ട്.
ഈ വിഷയവും എൻഎച്ച്എഐ ഏറ്റെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ജില്ലയിൽ ചാത്തന്നൂർ, പാരിപ്പള്ളി, കൊട്ടിയം, അയത്തിൽ, ചവറ, ഓച്ചിറ, കരുനാഗപ്പള്ളി ഉൾപ്പെടെ വെള്ളക്കെട്ട് രൂക്ഷമാകുന്ന പ്രധാന മേഖലകളിലെ ജനങ്ങൾക്കും യാത്രക്കാർക്കും നീർച്ചാലുകളുടെ ശുചീകരണ പദ്ധതി ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
കൊല്ലത്തിനു പുറമേ ആലപ്പുഴ ജില്ലയ്ക്കും വെള്ളക്കെട്ട് നിവാരണത്തിന് തുക അനുവദിച്ചിട്ടുണ്ട്. മറ്റ് ജില്ലകൾക്ക് നേരത്തെ തുക അനുവദിച്ചിരുന്നു.
അനുവദിച്ച തുക ബന്ധപ്പെട്ട കലക്ടർമാരുടെ ഓഫിസുകൾ മുഖേന കൈകാര്യം ചെയ്യും.
സമീപത്തെ സ്വാഭാവിക ജലനിർഗമന കേന്ദ്രങ്ങളുമായി ദേശീയപാതയിലെ ഡ്രെയ്നേജ് ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മറ്റ് വകുപ്പുകളോ നിർവഹിക്കും. വിവിധ പഞ്ചായത്തുകൾ ഈ ആവശ്യത്തിലേക്കായി എസ്റ്റിമേറ്റ് തയാറാക്കി നൽകിയിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതി വേഗത്തിൽ നടപ്പാക്കാനും ദേശീയപാതയിലെ ഡ്രെയ്നേജ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. പ്രദേശവാസികളെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

