ജോലിസ്ഥലത്തെ അസഹനീയമായ പുകവലി ശീലത്തിനെതിരെ കർശന നിലപാടുമായി രംഗത്തുവന്നിരിക്കുകയാണ് ഒരു യുവതി. ഓഫീസിലെ സിഗരറ്റ് പുകയുടെ ഗന്ധം മൂലം ജോലിയിൽ തുടരാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ജാൻഹവി ചാവഡ എന്ന യുവതിയാണ് പദവി രാജിവെച്ചത്.
ഈ സംഭവുമായി ബന്ധപ്പെട്ട വിവരങ്ങളും രാജിക്കത്തിന്റെ ചിത്രങ്ങളും നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന പ്രവർത്തിദിനം ഓഗസ്റ്റ് 25 ആണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പും രാജിക്കത്തിന്റെ സ്ക്രീൻഷോട്ടും അവർ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പുറത്തുവിട്ടത്. “സിഗരറ്റിന്റെ മണം എനിക്ക് ഒട്ടും സഹിക്കാനാകില്ല.
പരമാവധി പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല” എന്ന് ജാൻഹവി തന്റെ രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓഫീസ് പരിസരത്തെ പുകവലി മൂലം താൻ നേരിടേണ്ടിവന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും പുകയില ശരീരത്തിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അവർ വിശദമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
സിഗരറ്റ് പുകയുമായി ചെറിയ രീതിയിൽ സമ്പർക്കത്തിൽ വരുന്നത് പോലും ശ്വാസനാളത്തിൽ കടുത്ത അസ്വസ്ഥതകൾ സൃഷ്ടിക്കാമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ചിലരിൽ ഇതുമൂലം നെഞ്ചെരിച്ചിലോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടാം.
മൂക്ക്, തൊണ്ട, ശ്വാസനാളം തുടങ്ങിയ ഭാഗങ്ങളിൽ പ്രകോപനം സൃഷ്ടിക്കാനും ചിലരിൽ ശ്വാസനാളത്തിന് ചുറ്റുമുള്ള പേശികൾ മുറുകുന്ന അവസ്ഥയുണ്ടാക്കാനും പുകവലി കാരണമാകുമെന്നും കുറിപ്പിൽ പറയുന്നു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്.
ആരോഗ്യത്തിനും മാനസിക സമാധാനത്തിനും മുൻഗണന നൽകി ധീരമായ തീരുമാനം എടുത്ത യുവതിയെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, പ്രശ്നം ആദ്യം മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടുകയായിരുന്നു വേണ്ടിയതെന്ന വിമർശനവും ഉയരുന്നുണ്ട്.
എന്തായാലും ജോലിസ്ഥലങ്ങളിലെ പുകവലി നിയന്ത്രണങ്ങളും പുകവലിക്കാത്ത ജീവനക്കാരുടെ അവകാശങ്ങളും സംബന്ധിച്ച ഗൗരവമേറിയ ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിട്ടുണ്ട്. മറ്റുള്ളവരുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള പുകവലി ഒഴിവാക്കേണ്ടത് തൊഴിലിടങ്ങളിലെ അടിസ്ഥാന മര്യാദയാണെന്ന നിലപാടാണ് പലരും പങ്കുവെക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

