നേപ്പാളിൽ തുടരുന്ന കനത്ത മഴയും മിന്നൽ പ്രളയവും അയൽരാജ്യമായ ഇന്ത്യയിൽ ആശങ്ക പരത്തുന്നു. ബിഹാർ, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകി.
നേപ്പാളിൽ നിന്ന് വെള്ളം കുത്തിയൊഴുകിയെത്തുന്നതിനെത്തുടർന്ന് പ്രമുഖ നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നിരിക്കുകയാണ്. ഗംഗ, ഗണ്ഡക്, കോസി, ബുർഹി ഗണ്ഡക് തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയർന്ന തുടരുന്നതാണ് അധികാരികളെ ആശങ്കപ്പെടുത്തുന്നത്.
പെട്ടെന്നുണ്ടായ ജലപ്രവാഹത്തെ തുടർന്ന് ഗണ്ഡക് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വാൽമീകി നഗറിലെ ബാരേജിന്റെ 36 ഷട്ടറുകളും പൂർണ്ണമായി തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഗണ്ഡക് ബാരേജിൽ നിന്ന് ഏകദേശം 1.02 ലക്ഷം ക്യുസെക്സ് വെള്ളമാണ് ഒഴുക്കിവിട്ടത്.
നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. പ്രളയജലം ഇരച്ചെത്തുന്നതിനാൽ ഉത്തർപ്രദേശിലും കനത്ത നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, ഉത്തരാഖണ്ഡിലെ 13 ഹിമതടാകങ്ങളിലും വലിയ അപകടസാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി കർശന നിരീക്ഷണത്തിനും അടിയന്തര മുൻകരുതൽ നടപടികൾക്കും നിർദേശം നൽകി. അതേസമയം, പ്രകൃതിദുരന്തത്തിൽ നേപ്പാളിലാകെ മരണസംഖ്യ 579 ആയി ഉയർന്നു.
ദുരന്തബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾക്കും വൈദ്യസഹായത്തിനുമായി കഠ്മണ്ഡുവിലേക്ക് ഇന്ത്യൻ വ്യോമസേനയുടെ മൂന്നാം വിമാനം പുറപ്പെട്ടു. ഡോക്ടര്‍മാരടക്കമുള്ള വിദഗ്ദ്ധ മെഡിക്കല്‍ ടീമും ടണൽ രക്ഷാപ്രവർത്തനത്തിനായുള്ള പ്രത്യേക സംഘവുമാണ് ഈ വിമാനത്തിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

