കാഠ്മണ്ഡുവിൽ വീണ്ടും അതീവ ജാഗ്രതാ നിർദേശം. മിന്നൽ പ്രളയം വലിയ തോതിൽ നാശം വിതച്ച ത്രിശൂലി മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു തുടങ്ങി.
വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രദേശത്തെ റോഡ് പുനർനിർമ്മാണം ഉൾപ്പെടെയുള്ള എല്ലാ നിർമ്മാണ ജോലികളും പൂർണ്ണമായി നിർത്തിവെച്ചതായി പോലീസ് അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച ഭോട്ടെ കോശി നദി കരകവിഞ്ഞൊഴുകി ഉണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 475 ആയി ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് രാജ്യത്ത് വീണ്ടും പുതിയ പ്രളയ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.
“ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്, അതിനാൽ എല്ലാവരെയും തടയുകയാണ്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന വാഹനങ്ങളെല്ലാം മടങ്ങുകയാണ്.
എല്ലാവരെയും അവിടെ നിന്ന് ഒഴിപ്പിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. എല്ലാ ജോലികളും നിർത്തിവെച്ചു.
ഇതിലും വലിയ വെള്ളപ്പൊക്കം വരാനിരിക്കുകയാണ്, അതുകൊണ്ടാണ് എല്ലാവർക്കും ജാഗ്രതാ നിർദേശം നൽകുന്നത്” എന്ന് നേപ്പാൾ പോലീസ് ഓഫീസർ പി ചൗധരി വ്യക്തമാക്കി. നേരത്തെ, ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലോങ്ചാങ് നഗരത്തിലാണ് ഈ ഭൂചലനമുണ്ടായത്. ടിബറ്റൻ മേഖലയിൽ നിന്ന് ശക്തമായ വെള്ളമൊഴുക്ക് ഉണ്ടാകുമെന്നും ഇത് ത്രിശൂലി നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർത്തുമെന്നുമുള്ള ആശങ്കയെ തുടർന്നാണ് പ്രദേശവാസികളെ വീണ്ടും ഒഴിപ്പിക്കുന്നത്.
ടിബറ്റൻ ഭാഗത്തുള്ള ഒരു അണക്കെട്ട് വീണ്ടും തകർന്നതായി നേപ്പാൾ പോലീസ് ഔദ്യോഗിക മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. “ടിബറ്റ് ഭാഗത്തുള്ള ഡാം വീണ്ടും തകർന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
അതിനാൽ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉടൻ ജാഗ്രത പാലിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയോ മറ്റുള്ളവരെ അറിയിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു,” എന്ന് നേപ്പാൾ പോലീസ് എക്സിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

