മധ്യപ്രദേശിൽ പഞ്ചസാരയുടെ വില വർധനവിനെ പരസ്യമായി ന്യായീകരിച്ച് സംസ്ഥാന മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ കൈലാഷ് വിജയ്വർഗിയ രംഗത്ത്. പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം.
രാജ്യത്തെ 90% ആളുകൾക്കും മധുരം ഇഷ്ടമല്ലെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. താൻ തീരെ മധുരം കഴിക്കാറില്ലെന്നും അതിനാൽ പഞ്ചസാരയ്ക്ക് വില കൂട്ടണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
കുട്ടികൾക്കായി സർക്കാർ ന്യായവില ഷോപ്പുകളിൽ മാത്രം പഞ്ചസാര കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണമെന്നും, 40 വയസ്സു കഴിഞ്ഞവർ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. അതേസമയം, പഞ്ചസാര വിലക്കയറ്റ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
ഉത്സവസീസണിൽ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരാൻ വഴിയൊരുക്കുന്നതു വഴി 36,000 കോടി രൂപയുടെ അഴിമതിയാണു നരേന്ദ്ര മോദി സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. പൂഴ്ത്തിവയ്പ്പുകാർക്കും കരിഞ്ചന്തക്കാർക്കും മോദി സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി.
രാജ്യത്ത് പഞ്ചസാര ക്ഷാമം സംബന്ധിച്ച വിവരം ഏപ്രിലിൽ തന്നെ സർക്കാരിനു ലഭിച്ചിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. 45 രൂപയിൽ നിന്നാണു വില 75 രൂപയിലേക്കുയർന്നത്.
ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ രാജ്യത്ത് 1.2 കോടി ടൺ പഞ്ചസാര ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. വിലക്കയറ്റം മൂലം ഉപയോക്താക്കൾക്ക് കിലോയ്ക്ക് കുറഞ്ഞത് 30 രൂപയെങ്കിലും അധികം നൽകേണ്ട
സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് ഉപഭോക്താക്കളുടെ മേൽ 36,000 കോടി രൂപയുടെ അധികഭാരമാണ് സൃഷ്ടിക്കുന്നത്.
പൂഴ്ത്തിവയ്പ്പുകാർക്കും കരിഞ്ചന്തക്കാർക്കുമാണ് ഇതിന്റെ ഗുണഫലം നേരിട്ടു ലഭിക്കുന്നതെന്നും സുർജേവാല ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

