ദില്ലി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ദുരന്തം വിതച്ചുകൊണ്ട് മരണസംഖ്യ ഉയരുന്നു. ഇതിനിടയിൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്ത്യൻ നദികളിലേക്ക് ഒഴുകിയെത്തുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 290 ഇന്ത്യക്കാർ ഉൾപ്പെടെ ഏകദേശം 1500 പേരെക്കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭ്യമായിട്ടില്ല. ഇതിൽ കേരളത്തിൽ നിന്നുള്ള 33 പേരും ഉൾപ്പെടുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.
പ്രദേശത്തെ ആശയവിനിമയ സംവിധാനങ്ങൾ പൂർണ്ണമായി തകർന്നതാണ് ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ തടസ്സമാകുന്നത്. നേപ്പാളിന് പുറമേ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും ഇരുനൂറിലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടയിൽ, ടിബറ്റൻ മേഖലയിലെ മറ്റൊരു ഹിമ തടാകം കൂടി പൊട്ടിയെടിക്കാൻ സാധ്യതയുണ്ടെന്ന് ചൈന നേപ്പാളിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത രണ്ട് ദിവസം അതീവ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. പ്രകൃതിക്ഷോഭത്തിൽ കനത്ത ആഘാതം നേരിട്ട
നേപ്പാളിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി ഇന്ത്യ ഒപ്പമുണ്ട്. ദുരിതാശ്വാസ സാമഗ്രികളുമായി കൂടുതൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ ഉടൻ തന്നെ നേപ്പാളിൽ എത്തും.
പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയുടെ പിന്തുണ നേപ്പാളിന് ഉറപ്പുനൽകിയിട്ടുണ്ട്. സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് കരസേനയുടെ പ്രത്യേക സംഘത്തെയും രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാളിലേക്ക് അയക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

