ദേശീയ തലത്തിലെ പ്രമുഖ പ്രവേശന പരീക്ഷകളായ നീറ്റ് (NEET), ജെ.ഇ.ഇ (JEE) എന്നിവയുടെ ഘടനയിലും നടത്തിപ്പ് രീതിയിലും സമൂലമായ മാറ്റങ്ങൾ വരുത്തുവാൻ സാധ്യതയേറുന്നു. സ്കൂൾ തലത്തിലെ സിലബസും മത്സരപരീക്ഷകളും തമ്മിലുള്ള അന്തരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയോഗപ്രകാരം പ്രവർത്തിച്ച വിദഗ്ധ സമിതി സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിലാണ് നിർണായകമായ ശുപാർശകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആശയാധിഷ്ഠിത പഠനരീതിക്ക് പ്രാധാന്യം നൽകുമ്പോൾ, എൻട്രൻസ് പരീക്ഷകളിൽ നിശ്ചിത സമയത്തിനുള്ളിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ വേഗത്തിൽ ഉത്തരമെഴുതാനുള്ള പരിശീലനമാണ് വിദ്യാർത്ഥികൾക്ക് ആവശ്യമായി വരുന്നത്. സ്കൂൾ വിദ്യാഭ്യാസവും പ്രവേശന പരീക്ഷയും തമ്മിലുള്ള ഈ വലിയ വിടവാണ് വിദ്യാർത്ഥികളെ വലിയ തോതിൽ സ്വകാര്യ കോച്ചിങ് സെന്ററുകളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നത്.
ഈ ആശ്രിതത്വം ഒഴിവാക്കി വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഗണ്യമായി കുറയ്ക്കുകയാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. എൻസിഇആർടി (NCERT) യെ മുഖ്യ ഏകോപന ഏജൻസിയായി ചുമതലപ്പെടുത്തിക്കൊണ്ട്, സിബിഎസ്ഇ (CBSE), എൻടിഎ (NTA) എന്നിവയുമായി ചേർന്ന് സിലബസും പരീക്ഷാ സമ്പ്രദായവും ഏകീകരിക്കണമെന്നാണ് സമിതിയുടെ പ്രധാന നിർദേശം.
ഇതുപ്രകാരം 12-ാം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് 50 ശതമാനം വരെ വെയിറ്റേജ് നൽകുക, 11-ാം ക്ലാസ് തലത്തിൽ പ്രവേശന പരീക്ഷ നടത്തുക, പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് ഒന്നിലധികം അവസരങ്ങൾ ലഭ്യമാക്കുക തുടങ്ങിയ സുപ്രധാന നിർദേശങ്ങളും സമിതിയുടെ പരിഗണനയിലുണ്ട്. ഇതിനുപുറമെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഉന്നതിക്കായി സർക്കാർ തലത്തിലുള്ള സൗജന്യ ഓൺലൈൻ കോച്ചിങ് സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
നിലവിൽ വിദഗ്ധ സമിതി സമർപ്പിച്ച ഈ റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിശദമായി പരിശോധിച്ച് വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

