മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത കമ്മീഷണറുടെ ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചത് നിയമവിരുദ്ധമായ രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനെ തുടർന്നാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടും അത് പാലിക്കാത്തതിനെത്തുടർന്നാണ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയാതെ വന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2021 ജൂൺ 7-നാണ് ഷൗക്കത്ത് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്.
ചട്ടപ്രകാരം ആദ്യത്തെ രണ്ട് വർഷത്തേക്ക് ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. തുടർന്ന് 2023 ഓഗസ്റ്റ് 17-ന് ആദ്യ പരിശോധന പൂർത്തിയാക്കി 2025 ഓഗസ്റ്റ് 16 വരെ കാലാവധിയുള്ള സർട്ടിഫിക്കറ്റ് വാഹനം നേടിയിരുന്നു.
ഇതിനുശേഷം രണ്ടാമത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 2025 നവംബർ 11-നാണ് വാഹനം കൊണ്ടോട്ടി എ.എം.വി.ഐക്ക് മുൻപാകെ ഹാജരാക്കിയത്. എന്നാൽ പരിശോധനയിൽ വാഹനം പരാജയപ്പെടുകയും സർട്ടിഫിക്കറ്റ് നിരസിക്കുകയുമായിരുന്നു.
ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ ക്യാബിന്റെ ഇരുവശങ്ങളിലും വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ, യാത്രക്കാരുടെ ക്യാബിന്റെ വലതുവശത്ത് ഉയർത്തി വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ എന്നിവ നീക്കം ചെയ്യണമെന്ന് ഉദ്യോഗസ്ഥൻ കർശന നിർദേശം നൽകി. ഈ ഭേദഗതികൾ വരുത്തിയ ശേഷം വാഹനം വീണ്ടും പരിശോധനയ്ക്കായി ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്.
വാഹനം പിന്നീട് പരിശോധനയ്ക്ക് എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങൾ ഷൗക്കത്ത് തന്നെ പകർത്തിയിരുന്നു. സ്റ്റീൽ റെയിലിങ്ങുകൾ ഒഴികെയുള്ള മറ്റ് മാറ്റങ്ങളെല്ലാം വരുത്തിയിട്ടുണ്ടായിരുന്നു.
എന്നാൽ റെയിലിങ്ങുകൾ കൂടി നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ വീണ്ടും ആവശ്യപ്പെടുന്നതും, ഇതിനായി താൻ വലിയ സാമ്പത്തിക ചെലവ് നടത്തിയെന്ന് ഷൗക്കത്ത് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനത്തിൽ തള്ളിനിൽക്കുന്ന ഭാഗങ്ങൾ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നതും ഇതിൽ കാണാൻ സാധിക്കും.
വീഡിയോയിലുള്ള ഉദ്യോഗസ്ഥൻ പ്രേംകുമാർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ 2026 മാർച്ച് 16-ന് കോഴിക്കോട് രാമനാട്ടുകര സബ് ആർടിഒ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിരസിച്ചതുമായി ബന്ധപ്പെട്ട് പിന്നീട് വാഹനം ഹാജരാക്കാൻ ഷൗക്കത്ത് ഓഫീസിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. അതേസമയം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുള്ള സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

