പുണെയിലെ പിംപ്രി-ചിഞ്ച്വഡ് പൊലീസ് സേനയിലെ രണ്ട് വനിതാ കോൺസ്റ്റബിളുകൾ തമ്മിൽ നടത്താനിരുന്ന വിവാഹം അവസാന നിമിഷം റദ്ദാക്കപ്പെട്ടു. ഓഗസ്റ്റ് 30 -ന് അലണ്ടിയിൽ വൈദിക ആചാരപ്രകാരം വിവാഹിതരാകാനായിരുന്നു ഇരുവരുടെയും തീരുമാനം.
വിവാഹത്തിനായി ഇരുവരും അവധിക്ക് അപേക്ഷിക്കുകയും ക്ഷണക്കത്ത് കൊടുത്ത് തുടങ്ങുകയും ചെയ്തിരുന്നു, എന്നാൽ വിവാഹച്ചടങ്ങുകൾ നടക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിവാഹം ഉപേക്ഷിച്ചത്. അതേസമയം വിവാഹം റദ്ദാക്കിയതിന്റെ ഔദ്യോഗിക കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
പൊലീസ് റിക്രൂട്ട്മെന്റ് നടപടികൾക്കിടെയാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. ഏകദേശം മൂന്ന് വർഷം മുമ്പ് കോൺസ്റ്റബിളുകളായി നിയമിതരായ ശേഷം പരിശീലനം പൂർത്തിയാക്കി.
പിന്നാലെ ഇരുവരും ആദ്യം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ സേവനമനുഷ്ഠിച്ചു. പിന്നീട് ഒരേ പൊലീസ് സ്റ്റേഷനിൽ നിയമിതരായതോടെയാണ് ഇരുവരും തമ്മിലുള്ള അടുപ്പം വർധിച്ചത്.
തുടർന്ന് ഒരുമിച്ച് താമസിക്കാൻ വിവാഹം കഴിക്കാനും ഇരുവരും തീരുമാനിക്കുകയായിരുന്നു. എങ്കിലും, കോൺസ്റ്റബിളുകളിൽ ഒരാളുടെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർത്തതായി വിവരമുണ്ട്.
കുടുംബാംഗങ്ങൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് ഇരുവരുടെയും വിവാഹം തടയണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വിഷയം വ്യക്തിപരമായ കാര്യമാണെന്ന് വിലയിരുത്തിയ പൊലീസ്, പരമാവധി കൗൺസലിങ് സഹായം നൽകാമെന്ന നിലപാടിലായിരുന്നു.
എന്നാൽ, കുടുംബത്തിന്റെ എതിർപ്പാണ് വിവാഹം റദ്ദാക്കാൻ കാരണമായതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിവാഹം തീരുമാനിച്ചതിന് പിന്നാലെ ഇരുവരിൽ ഒരാൾ ലിംഗമാറ്റവുമായി ബന്ധപ്പെട്ട
വൈദ്യചികിത്സ ആരംഭിച്ചിരുന്നതായും മുംബൈയിലെ ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ടുണ്ട്. എന്നാൽ, ഈ ചികിത്സയ്ക്ക് വിവാഹം റദ്ദാക്കിയതുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
പിംപ്രി-ചിഞ്ച്വഡ് പൊലീസ് സേനയിൽ തന്നെ മറ്റൊരു വനിതാ ഉദ്യോഗസ്ഥ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഔദ്യോഗിക രേഖകളിൽ ലിംഗം മാറ്റാൻ അപേക്ഷ നൽകിയ സംഭവം നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം ഇന്ത്യയിൽ പ്രായപൂർത്തിയായവരുടെ സമ്മതത്തോടെയുള്ള സ്വവർഗബന്ധം കുറ്റകരമല്ലെങ്കിലും സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

