പാലക്കാട് ജില്ലയിലെ നെന്മാറ പെറ്റ്സ് പാർക്കിൽ ഓണാഘോഷത്തോടനുബന്ധിച്ച് പിറന്ന കുതിരക്കുട്ടിക്ക് ഉടമ നൽകിയ പേര് ശ്രദ്ധേയമാകുന്നു. വീണ് ഇടതു തുടയെല്ലു പൊട്ടിയ പൂർണഗർഭിണിയായ കുതിരയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് വെറ്ററിനറി ഡോക്ടർമാർ കുഞ്ഞിനെ പുറത്തെടുത്തത്.
ചികിത്സയ്ക്കിടെ വൈദ്യുതി നിലച്ചതിനാൽ ടോർച്ച് ലൈറ്റും ഇരുചക്രവാഹനങ്ങളുടെ ഹെഡ്ലൈറ്റുമൊക്കെ ഓണാക്കിയാണു ശസ്ത്രക്രിയ പൂർത്തിയാക്കിയത്. അതിനാലാണു കുതിരക്കുഞ്ഞിന് ഉടമ ‘ടോർച്ച്’ എന്നു പേരു നൽകിയിരിക്കുന്നത്.
എങ്കിലും, അമ്മക്കുതിരയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന സങ്കടം ബാക്കിയാണ്. പെറ്റ്സ് പാർക്കിൽ വീണ മൂന്നരവയസ്സുള്ള പെൺകുതിരയ്ക്ക് പിന്നീട് എഴുന്നേൽക്കാനായില്ല.
ഇതിനിടെ പ്രസവലക്ഷണങ്ങളും പ്രകടിപ്പിച്ചു. വെറ്ററിനറി ഡോക്ടർ എത്തി പരിശോധിച്ചപ്പോൾ ഗർഭാശയം പൂർണമായും വികസിച്ചിട്ടില്ലെന്നു കണ്ടെത്തി.
വീഴ്ചയിൽ തുടയെല്ലിൽ പൊട്ടലും സംഭവിച്ചു. സ്ഥിതി സങ്കീർണമായതോടെ കുഞ്ഞിനെ പുറത്തെടുക്കാൻ ശസ്ത്രക്രിയ അനിവാര്യമായി.
കുതിരയെ മണ്ണുത്തി വെറ്ററിനറി കോളജിലേക്കു മാറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഫാമിൽ തന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി അനസ്തീസിയയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് വൈദ്യുതി മുടങ്ങിയത്.
ഇതോടെ ടോർച്ച് ലൈറ്റും 4 ഇരുചക്രവാഹനങ്ങളുടെ ഹെഡ്ലൈറ്റിലും ഓണാക്കിയാണ് ഡോ.എസ്.രാഹുൽ റാം, ഡോ.അർജുൻ വിനയൻ എന്നിവർ ചേർന്നു ശസ്ത്രക്രിയ പൂർത്തിയാക്കിയത്. പൂക്കോട് വെറ്ററിനറി സർവകലാശാല സർജറി വിഭാഗം മുൻ മേധാവി ഡോ.എസ്.സൂര്യദാസ്ന്റെ മാർഗനിർദേശപ്രകാരം ഡോ.പി.എസ്.അർച്ചന, ഡോ.ജി.ജിബിൻ എന്നിവർ അനസ്തീസിയ നടപടികൾ പൂർത്തീകരിച്ചു.
ഡോ.അനൂപ് രാജാമണി, ഡോ.അർജുൻ വി.തമ്പി, ഡോ.ഹിറോൺ എം.ഹർഷൻ, ഡോ.ഇ.നിയാസ് എന്നിവർ ടെലി കൺസൽറ്റേഷൻ വഴി വേണ്ട മാർഗനിർദേശങ്ങൾ നൽകി.
തുടർന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

