ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധ നടപടികൾ വിപണി പ്രതീക്ഷിച്ചതിനേക്കാൾ സൗമ്യമാണെന്ന വിലയിരുത്തലുകൾ സജീവമാകുന്നു. സാമ്പത്തിക മേഖലയിൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഉണ്ടാകുമെന്നാണ് നിക്ഷേപകർ ആദ്യം കരുതിയിരുന്നത്.
എന്നാൽ ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന മറ്റ് രാഷ്ട്രങ്ങളെക്കൂടി ലക്ഷ്യമിട്ടാണ് ഡൊണാൾഡ് ട്രംപ് പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. ഈ നീക്കത്തെ ചൈന ഇതിനോടകം തന്നെ ശക്തമായി എതിർത്തു കഴിഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിയിൽ നിന്ന് കൊണ്ട് ഇറാനുമായി തുടർന്നും വ്യാപാരം തുടരുമെന്നാണ് ചൈനയുടെ നിലപാട്. നിലവിൽ ഇറാന്റെ മുഖ്യ വ്യാപാര പങ്കാളികളിൽ മുൻപന്തിയിലുള്ള രാജ്യമാണ് ചൈന.
ഈ നിലപാടിൽ ഉറച്ചുനിന്നാൽ ചൈനീസ് കമ്പനികൾക്കുമേൽ യുഎസ് ഉപരോധം വന്നേക്കാം. ഈ സാഹചര്യത്തിൽ ചൈന സ്വീകരിക്കുന്ന തുടർനടടികൾ ആഗോള സാമ്പത്തിക മേഖലയിൽ അതീവ നിർണായകമാണ്.
ഇതിനിടയിൽ കാനഡയുമായുള്ള വ്യാപാര യുദ്ധവും ട്രംപിന് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്തിയ യുഎസ് നടപടിക്ക് കാനഡ അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകി.
യുഎസിന്റെ 700 ഉൽപ്പന്നങ്ങൾക്ക് മേൽ 2000 കോടി ഡോളറിന്റെ തീരുവ ചുമത്താനാണ് കാനഡയുടെ തീരുമാനം. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്കാണ് ഈ ഉയർന്ന തീരുവ ബാധകമാകുന്നത്.
വരുന്ന സെപ്റ്റംബർ എട്ട് മുതൽ പുതിയ തീരുവ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. യുഎസ് തീരുവ മൂലം പ്രതിസന്ധിയിലാകുന്ന കമ്പനികളെ സഹായിക്കുന്നതിനായി 750 കോടി ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജും കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കൻ നീക്കത്തിൽ കൂപ്പുകുത്തി എണ്ണവില
ഇറാനെതിരെ നേരിട്ടുള്ള സൈനിക നടപടികൾക്ക് മുതിരാതെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നീക്കം ക്രൂഡോയിൽ വിപണിയിൽ ഇടിവിന് കാരണമായി. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് ഏകദേശം രണ്ടര ശതമാനത്തോളം കുറഞ്ഞ് 86.55 ഡോളറിലെത്തി.
ഡബ്ല്യുടിഐ ക്രൂഡ് വില 80 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് വില 93.44 ഡോളറിലുമാണ് വ്യാപാരം തുടരുന്നത്. ഇറാനെതിരെ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം പ്രതീക്ഷിച്ചത്ര ശക്തമല്ലെന്ന വിലയിരുത്തലാണ് വിപണിയിലുള്ളത്.
ഇതിനുപുറമെ, സൈനിക സംഘർഷങ്ങൾ ഒഴിവാക്കപ്പെട്ടത് പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ വിതരണം സുഗമമാക്കുമെന്നും വിപണി കണക്കുകൂട്ടുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കൂടുതൽ ലളിതമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന പാക്കിസ്ഥാന്റെ നിലപാടും ഈ ഘട്ടത്തിൽ പ്രാധാന്യമർഹിക്കുന്നുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ താൽക്കാലിക കപ്പൽ പാതയൊരുക്കുന്നതിനും അവിടെ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുന്നതിനുമായി ഇറാനും ഒമാനും തമ്മിൽ സംയുക്ത നീക്കങ്ങൾ ഉണ്ടായേക്കാമെന്ന സൂചനകളുമുണ്ട്. കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങൾക്കും മറ്റ് പ്രശ്നങ്ങൾക്കും പരിഹാരം കാണാനുള്ള ചർച്ചകൾ നടക്കുകയാണെന്ന് ഒമാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഹോർമുസിലെ മുഴുവൻ മൈനുകളും അമേരിക്കൻ നാവികസേന ഇതിനകം നിർവീര്യമാക്കി നീക്കം ചെയ്തുവെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നത്. ഭാവിയിൽ പുതിയ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ വീണ്ടും ശ്രമം നടത്തിയാൽ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം താക്കീത് നൽകി.
ഉപഗ്രഹ സംവിധാനങ്ങൾ വഴി ഹോർമുസ് മേഖലയിലെ ഓരോ നീക്കങ്ങളും അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭവവികാസങ്ങളെല്ലാം വിപണിക്ക് പുതിയ പ്രതീക്ഷകളാണ് നൽകുന്നത്.
ലോകത്തിലെ അഞ്ചിലൊന്ന് ക്രൂഡോയിലും കടന്നുപോയിരുന്ന ഈ തന്ത്രപ്രധാനമായ പാതയിലൂടെയുള്ള കപ്പൽ സഞ്ചാരം പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. പൊന്നോടം തുടർന്ന് സ്വർണം
ക്രൂഡോയിൽ വില ഇടിഞ്ഞതും യുഎസ് ട്രഷറി യീൽഡ് കുറഞ്ഞതും സ്വർണവിലയ്ക്ക് അനുകൂലമായി മാറി.
അമേരിക്കൻ ഡോളറിന്റെ വിനിമയ മൂല്യം താഴ്ന്നത് മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കുറച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില അരശതമാനത്തിലധികം ഉയർന്ന് 4677 ഡോളറിലെത്തി.
ഇന്നലെ കേരളത്തിൽ സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞിരുന്നു. ഇന്ത്യൻ കമ്പനികൾക്കും തിരിച്ചടി
ഇറാനെതിരെ യുഎസ് പ്രഖ്യാപിച്ച ‘ഓപറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പദ്ധതിയിൽ ഇന്ത്യൻ കമ്പനികളും കുടുങ്ങിയിരിക്കുകയാണ്.
ഇറാനുമായി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യാപാരം നടത്തുന്നുവെന്നാരോപിച്ച് നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് വ്യക്തികൾക്കുമെതിരെ യുഎസ് ഉപരോധം പ്രഖ്യാപിച്ചു. പോർട്ഈസ് പാർട്ണേർസ്, സദാശിവ ഓവർസീസ്, പിപി സോഫ്റ്റ്ടെക്, പ്രകൃതീസ് ഇൻഫ്ര എന്നീ കമ്പനികൾക്കെതിരെയാണ് ഉപരോധ നടപടി വന്നിരിക്കുന്നത്.
ഇന്നലെ മാത്രം മൊത്തം 60 കമ്പനികൾക്കെതിരെയാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. നഷ്ടങ്ങളെ അതിജീവിച്ച് ഓഹരി വിപണി
തുടക്കത്തിൽ കനത്ത നഷ്ടം നേരിട്ടെങ്കിലും ഇന്നത്തെ വ്യാപാരത്തിനൊടുവിൽ ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ക്രൂഡോയിൽ വില ഉയർന്നതും ആഗോള വിപണികളിലെ മാന്ദ്യവുമാണ് തുടക്കത്തിൽ ഇന്ത്യൻ സൂചികകളെ താഴേക്ക് നയിച്ചത്. എന്നാൽ ഉച്ചയോടുകൂടി ക്രൂഡോയിൽ വിലയിൽ ഇടിവുണ്ടായതും പ്രമുഖ ഹെവിവെയ്റ്റ് ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായതും വിപണിയെ നഷ്ടത്തിൽ നിന്നും കരകയറ്റി.
ബിഎസ്ഇ സെൻസെക്സ് 286.98 പോയിന്റ് ഉയർന്ന് 77,656.09ൽ എത്തി നിന്നു. എൻഎസ്ഇ നിഫ്റ്റി 115.50 പോയിന്റ് നേട്ടത്തോടെ 24,345.55ലും വ്യാപാരം അവസാനിപ്പിച്ചു.
ഇന്റർഗ്ലോബ് ഏവിയേഷൻ, അദാനി പോർട്സ്, ട്രെന്റ്, ടൈറ്റൻ, എസ്ബിഐ തുടങ്ങിയ ഓഹരികൾ ഇന്നലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ ക്രൂഡോയിൽ വിലയിലെ മാറ്റങ്ങൾ തന്നെയായിരിക്കും ഇന്നും വിപണിയുടെ ഗതിയെ നിയന്ത്രിക്കുക.
വിദേശ നിക്ഷേപകർ വീണ്ടും വാങ്ങലിനായി രംഗത്തിറങ്ങിയാൽ വിപണിക്ക് കൂടുതൽ മുന്നേറ്റം നടത്താനുള്ള കരുത്ത് ലഭിക്കും. ഇന്ന് ഇന്ത്യൻ ഓഹരി വിപണി സൂചികകൾ മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിക്കാനാണ് സാധ്യത കൽപ്പിക്കുന്നത്.
ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാര പുരോഗതിയും ഈ സൂചനയാണ് നൽകുന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരത്തേക്കാൾ 88 പോയിന്റ് നേട്ടത്തോടെയാണ് ഗിഫ്റ്റ് നിഫ്റ്റി മുന്നേറുന്നത്.
ക്രൂഡോയിൽ വില കുറഞ്ഞതും യുഎസ് കടപ്പത്രങ്ങളിലെ നേട്ടങ്ങൾ ഇടിഞ്ഞതും വിപണിക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. സാങ്കേതിക ഓഹരി വിപണിയിലെ ആശങ്കകൾ അകലുന്നു
പ്രമുഖ ടെക് ഭീമനായ എൻവിഡിയയുടെ പാദഫലങ്ങൾ പുറത്തുവരുന്നതിന് മുന്നേയുണ്ടായിരുന്ന ആശങ്കകൾ വിപണിയിൽ നിന്നും വഴിമാറുന്നു.
ഇന്നലെ അമേരിക്കൻ ഓഹരി സൂചികകൾ മികച്ച നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്. ബോണ്ട് വിപണിയിലും ക്രൂഡോയിൽ വിലയിലുമുണ്ടായ അനുകൂലമായ മാറ്റങ്ങളും നിർണായകമായി.
ഇന്ന് പുറത്തുവരാനിരിക്കുന്ന എൻവിഡിയയുടെ പാദഫല കണക്കുകളായിരിക്കും ഇനി വിപണിയുടെ അടുത്ത ഘട്ടം നിശ്ചയിക്കുക. പാദഫലങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ഇടിവിന്റെ സൂചനകളുണ്ടായാൽ അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുമായി ബന്ധപ്പെട്ട
ആശങ്കകൾ വീണ്ടും വർധിപ്പിക്കും. ഇത് ടെക് ഓഹരികളുടെ വില താഴാൻ ഇടയാക്കിയേക്കാം.
എഐ മേഖലയിലെ നിക്ഷേപവും അതിൽ നിന്നും ലഭിക്കുന്ന ആദായവും സംബന്ധിച്ച വ്യക്തതയില്ലായ്മയും നിക്ഷേപകരെ ഇപ്പോഴും അലട്ടുന്നുണ്ട്. ഇന്നലെ ഡൗ ജോൺസ് സൂചിക 0.3 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എസ് ആൻഡ് പി സൂചിക 0.32 ശതമാനവും നാസ്ഡാക് സൂചിക 0.66 ശതമാനവും ഉയർന്നു. എൻവിഡിയ, മെറ്റ, മൈക്രോൺ തുടങ്ങിയ പ്രമുഖ ടെക് കമ്പനികളുടെയെല്ലാം ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് പുറത്തുവരാനിരിക്കുന്ന പേഴ്സണൽ കൺസപ്ഷൻ എക്സ്പൻഡിച്ചർ റിപ്പോർട്ടും വിപണിക്ക് അതീവ നിർണായകമാണ്. അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്തുമോയെന്ന കാര്യത്തിൽ ഈ റിപ്പോർട്ടോടെ വ്യക്തത വരുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഈ വർഷാവസാനത്തോടെ കുറഞ്ഞത് 0.25 ശതമാനമെങ്കിലും പലിശ നിരക്ക് വർധന ഉണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇതിനൊപ്പം വെള്ളിയാഴ്ച നടക്കുന്ന ജാക്ക്സൺ ഹോൾ സിംപോസിയത്തിൽ ഫെഡ് ചെയർമാൻ കെവിൻ വാർഷ് നടത്തുന്ന പ്രഭാഷണവും വിപണി ഉറ്റുനോക്കുന്നുണ്ട്.
ആവേശത്തിലായി ഏഷ്യൻ വിപണികൾ
ക്രൂഡോയിൽ വില താഴ്ന്നതും യുഎസ് വിപണിയിലുണ്ടായ കുതിപ്പും ഏഷ്യൻ വിപണികളിലും വലിയ ഉണർവാണ് ഉണ്ടാക്കിയിരിക്കുന്നത്. വ്യാപാരത്തിന്റെ തുടക്കത്തിൽ നഷ്ടത്തിലായിരുന്നെങ്കിലും ജാപ്പനീസ് നിക്കെയ് സൂചിക പിന്നീട് നേട്ടത്തിലേക്ക് വഴിമാറി.
കൊറിയൻ കോസ്പി സൂചിക ഏകദേശം ഒരു ശതമാനത്തോളം ഉയർന്നു. ചൈനയിലെ ഷാങ്ഹായ്, ഹോങ്കോങ് സൂചികകളും നല്ല രീതിയിലുള്ള നേട്ടത്തിലാണ് തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

